എൻഎസ്‍യു ഐ നേതാവും സുഹൃത്തും മംഗളൂരുവിൽ കാറപകടത്തിൽ മരിച്ചു
കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു
മംഗളൂരു: തലപ്പാടിക്കും മംഗളൂരു വിനുമിടയിലെ ജെപ്പിനമോഗരുവിൽ ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. എൻഎസ് യു ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി(26), സുഹൃത് അമൻ റാവു(27) എന്നിവരാണ് മരിച്ചത് .
തലപ്പാടിയിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇരുവരും എന്നാണ് പൊലീസ് നൽകുന്ന വിവരം. മടക്ക യാത്രക്കിടയിൽ ജെപ്പിനമോഗരുവിൽ അവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കോൺഗ്രസ് പാർട്ടി പ്രവർത്തനങ്ങളിലും സാമൂഹിക സംരംഭങ്ങളിലും സജീവമായി ഇടപെടുന്ന ഓംശ്രീയുടേയും സുഹൃത്തിന്റേയും അപകട മരണത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി എന്നിവർ അനുശോചിച്ചു. കോൺഗ്രസ് നേതാവ് ഇവാൻ ഡിസൂസ എംഎൽസി ബുധനാഴ്ച ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.