കൊടകരയിൽ കെട്ടിടം തകർന്ന സംഭവം; മൂന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു

ബംഗാള്‍ സ്വദേശികളായ രൂപന്‍,രാഹുല്‍, അലീന്‍ എന്നിവരാണ് മരിച്ചത്

Update: 2025-06-27 07:27 GMT
Editor : Lissy P | By : Web Desk

തൃശൂർ:തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മൂന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍പ്പെട്ടുപോയ പശ്ചിമബംഗാള്‍ സ്വദേശികളായ രൂപന്‍,രാഹുല്‍, അലീന്‍ എന്നിവരാണ്  മരിച്ചത്.

കൊടകര ജംഗ്ഷന് സമീപം കാലപ്പഴക്കം ചെന്ന ഇരുനില കെട്ടിടമാണ് തകർന്നുവീണത്. സംഭവ സമയത്ത് കെട്ടിടത്തിൽ 17 അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു. കെട്ടിടം വീഴുന്ന ശബ്ദം കേട്ട് 14 പേർ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു. എന്നാൽ രാഹുലിനും അലിമിനും റൂബലിനും രക്ഷപ്പെടാൻ കഴിഞ്ഞില്ല.ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.

Advertising
Advertising

രക്ഷപ്പെട്ടവർ നൽകിയ വിവരമനുസരിച്ച് ചാലക്കുടി ഫയർഫോഴ്സും കൊടകര പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ  രണ്ട് മണ്ണു മാന്തിയന്ത്രങ്ങൾ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്.

കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളിക്കിടയിൽ നിന്നാണ് റൂബലിനെയും രാഹുലിനെയും കണ്ടെത്തിയത്. അലീമിനെ സമീപത്തു നിന്നും കണ്ടെത്തി. മൂവരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല., മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും തകർന്ന കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പാർപ്പിടങ്ങളിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News