'ഒരു ലക്ഷം മനുഷ്യർക്ക് ഒരു സ്വരാജ് മതി': വി.കെ ശ്രീരാമൻ
'സ്വരാജിനെപ്പോലുള്ളവർ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങൾക്ക് എന്നും വലിയ മുതൽക്കൂട്ടാണ്. ഇതുപോലെയുള്ളയാളുകളാണ് നിയമസഭയിലേക്കും പൊതുരംഗത്തേക്കുമൊക്കെ കടന്നുവരേണ്ടത്''
പാലക്കാട്: കേരളത്തിന്റെ സാംസ്‌കാരിക ലോകത്ത് എം. സ്വരാജിനെപ്പോലുള്ളവരുടെ അഭാവം പ്രകടമാണെന്നും ഒരു ലക്ഷം മനുഷ്യർക്ക് ഒരു സ്വരാജ് മതിയെന്നും നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ.
'സ്വരാജിനെപ്പോലുള്ളവർ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങൾക്ക് എന്നും വലിയ മുതൽക്കൂട്ടാണ്. ഇതുപോലെയുള്ളയാളുകളാണ് നിയമസഭയിലേക്കും പൊതുരംഗത്തേക്കുമൊക്കെ കടന്നുവരേണ്ടത്. അവരുടെ പ്രധാന ദൗത്യം തന്നെ സമൂഹത്തെ ശുദ്ധീകരിക്കലാണെന്ന് ഞാൻ വിശ്വസിക്കുന്നു.
സ്വരാജിനെ എനിക്ക് നേരത്തെ അറിയാം. ഞാൻ വളരെ അധികം ശ്രദ്ധിക്കാറുള്ള ഒരാളാണ് അദ്ദേഹം. ഇതുപോലെ പരന്നവായനയും ലോകവിവരവുമുള്ളയാളുകളാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരേണ്ടതും ഈ രംഗം ശുദ്ധീകരിക്കേണ്ടതും. അതിനാല്‍ എന്റെ പിന്തുണ സ്വരാജിന്'-ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്വരാജാണ് എൽഡിഎഫ് സ്ഥാനാർഥിയായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പാർട്ടി ചിഹ്നത്തിൽ ഉന്നത നേതാവിനെ തന്നെ സിപിഎം കളത്തിലിറക്കിയതോടെ നിലമ്പൂരിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ജൂൺ 19നാണ് വോട്ടെടുപ്പ്. 23ന് വോട്ട് എണ്ണും.