Writer - അൻഫസ് കൊണ്ടോട്ടി
anfas123
എറണാകുളം: പാര്‍ട്ടിയുടെ എല്ലാ അച്ചടക്കവും പാലിച്ച വ്യക്തിയാണ് താനെന്നും പാര്‍ട്ടിയുടെ പേര് കളയുന്ന ഒന്നും ചെയ്യില്ലെന്നും കൊച്ചി മേയറായി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത വി.കെ മിനിമോള്‍. കോണ്‍ഗ്രസിന്റെ എല്ലാ തട്ടിലും പ്രവര്‍ത്തിച്ചാണ് മേയറാകുന്നത്. പ്രതിപക്ഷനേതാവിന്റെയടക്കം തീരുമാനമായതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മിനിമോള്‍ മീഡിയവണിനോട് പറഞ്ഞു.
'വലിയ പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. എല്ലാ കാര്യങ്ങളും പരിഗണിച്ചാവും നേതൃത്വം ഈ തീരുമാനത്തിലേക്കെത്തിയത്. നേതൃത്വവുമായി ആലോചിച്ച് ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ കൊച്ചിയില്‍ നടപ്പിലാക്കും. യുഡിഎഫിന്റെ കരുതലും സ്‌നേഹവും കൊച്ചിയില്‍ സാക്ഷാത്കരിക്കും. അത്തരം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്.'
'ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. നിയമസഭാ തെരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യം. അതിന്റെ ശോഭ കെടുത്തുന്ന ഒന്നുംതന്നെ ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ല. കൊച്ചിയിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഉറപ്പുവരുത്തും.' വളര്‍ന്നുവരുന്ന കൊച്ചിയുടെ സമീപപ്രദേശങ്ങളും കൂടെ വളരുന്നതിലൂടെയാണ് ജനങ്ങള്‍ക്ക് ഗുണം ചെയ്യുകയുള്ളൂവെന്ന് മനസിലാക്കുന്നുവെന്നും അതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും വി.കെ മിനിമോള്‍ മീഡിയവണിനോട് പ്രതികരിച്ചു.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ കൊച്ചി മേയര്‍ സ്ഥാനത്തേക്ക് വി.കെ മിനിയെ തെരഞ്ഞെടുത്തിരുന്നു. നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നത രൂക്ഷമായതിന് പിന്നാലെ ഡിസിസി കോര്‍ കമ്മിറ്റി യോഗത്തിലാണ് ധാരണയായത്.