'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍?'; ഗർഭിണിയെ എസ്എച്ച്ഒ മർദിച്ചതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
'ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക'
കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ എസ്എച്ച്ഒ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി.ഡി. സതീശൻ പറഞ്ഞു.
ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക. രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഎമ്മിലെ ക്രിമിനല്‍- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍? നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരും. പ്രതിപക്ഷ നേതാവ് ചോദിച്ചു. പൊലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.