എന്തെല്ലാം മുദ്രകൾ ചാർത്തി ഭീകരവത്കരിച്ചാലും ജമാഅത്തെ ഇസ്‌ലാമി നിർഭയം മുന്നോട്ടുപോകും: പി. മുജീബുറഹ്മാൻ
കേരളത്തിൽ സംഘ്പരിവാറിന് മണ്ണൊരുക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും മത്സരിക്കുന്നതെന്നും പി. മുജീബുറഹ്മാൻ വ്യക്തമാക്കി.
കോഴിക്കോട്: കേരളം ഇന്നോളം കാത്തുസൂക്ഷിച്ച സൗഹൃദവും സാഹോദര്യവും തകർക്കുന്ന രീതിയിൽ സംഘ്പരിവാറിനെ പോലും തോൽപിക്കുംവിധം വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള അവസരവാദ രാഷ്ട്രീയമാണ് പുരോഗമന പ്രതിഛായയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും തദ്ദേശ തെരഞ്ഞെടുപ്പിൽ പയറ്റിയതെന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് കേരള അമീർ പി. മുജീബുറഹ്മാൻ. ജമാഅത്തെ ഇസ്‌ലാമിക്കുമേൽ വർഗീയത, ഭീകരത തുടങ്ങിയ മുദ്രകൾ ചാർത്തി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പ് പകരാനും മതേതര- ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിൽ ലഹരി കണ്ടെത്താനുമായിരുന്നു പലരും തിടുക്കം കൂട്ടിയത്. കേരളത്തിൽ സംഘ്പരിവാറിന് മണ്ണൊരുക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും മത്സരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
'തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രംഗത്തിറങ്ങിയത്. കേരളത്തിൻ്റെ സ്വാസ്ഥ്യവും സൗഹൃദവും നിലനിർത്താൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി രാഷ്ട്രീയ സത്യസന്ധത തൊട്ടുതീണ്ടാത്ത കളവുകൾ വായിച്ചുപോകുന്ന കാഴ്ച ഏറെ സഹതാപമർഹിക്കുന്നതായിരുന്നു. ചൈന, റഷ്യ, കമ്പുച്ചിയ, സൗത്ത് കൊറിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് വിപ്ലവത്തിൻ്റെ പേരിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പത്ത് കോടിയിലധികം മനുഷ്യരെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയവരുടെ ഛായാചിത്രങ്ങൾ പാർട്ടി ഓഫീസുകളിൽ ഇന്നും പൂജയ്ക്ക് കണക്കെ പ്രതിഷ്ഠിച്ചവരാണ് സമാധാനപരമായി ആശയാപ്രചാരണ പ്രവർത്തനം നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദ മുനമ്പിൽ നിർത്താൻ ഉത്സാസാഹിക്കുന്നതെന്നതാണ് വൈരുധ്യം. ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഇന്ത്യക്കാരൊന്നടങ്കം ആഘോഷിച്ച വേളയിൽ ഇന്ത്യ സ്വതന്ത്രമായിട്ടില്ലെന്നും പറഞ്ഞ് 1949ലെ കൽക്കത്ത തിസീസ് പ്രകാരം മൂന്ന് വർഷത്തോളം സായുധ പോരാട്ടത്തിന് നേതൃത്വം കൊടുത്തവരുടെ പിൻമുറക്കാരാണ് ജമാഅത്തെ ഇസ്‌ലാമിക്ക് മേൽ തീവ്രവാദ ചാപ്പ ചാർത്തുന്നതെന്ന അശ്ലീല രാഷ്ട്രീയം കേരളം തിരിച്ചറിയുന്നുണ്ടെന്ന ബോധം മുഖ്യമന്ത്രിക്കും സഹ സഖാക്കൾക്കും ഉണ്ടാകുന്നത് നല്ലതാണ്'.
മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമടക്കം ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി ഇസ്‌ലാംപേടിയെ രാഷ്ട്രീയ ആയുധമാക്കുന്ന പാർട്ടിക്കകത്തും പുറത്തുമുള്ള എല്ലാവരും മനസിലാക്കേണ്ടത്, പ്രാഥമികമായി നിങ്ങൾ കേരളത്തിൽ സംഘ്പരിവാറിന് മണ്ണൊരുക്കാനാണ് മത്സരിച്ചത് എന്നതാണ്. വർഗീയ പ്രസ്ഥാനം, തീവ്രവാദ പ്രസ്ഥാനം, ഭീകരവാദ പ്രസ്ഥാനം, മതരാഷ്ട്രവാദികൾ തുടങ്ങി ആഗോളതലത്തിൽ സാമ്രാജ്യത്വവും അവരുടെ മെഗാഫോണായ എംബഡഡ് ജേണലിസവും ഇസ്‌ലാമോഫോബിയ ശക്തിപ്പെടുത്താൻ രൂപപ്പെടുത്തിയ പദാവലികൾ തന്നെയാണ് ജമാഅത്ത് ഇസ്‌ലാമിക്കെതിരെ കേരളത്തിൽ സിപിഎമ്മും വ്യാപകമായി ഉപയോഗപ്പെടുത്തിയത്. കേരളത്തിലരങ്ങേറുന്ന രാഷ്ട്രീയ നൈതികത തൊട്ടുതീണ്ടാത്ത വിമർശനങ്ങളോട് എതിരുപറയാനുള്ള ധാർമിക ശേഷിയും ആദർശനിലപാടും ജമാഅത്തെ ഇസ്‌ലാമിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ജമാഅത്തെ ഇസ്‌ലാമിക്ക് മേൽ എന്തെല്ലാം മുദ്രകൾ ചാർത്തി ഭീകരവത്കരിച്ചാലും അധികാര ധാർഷ്ട്യത്തോടും വംശീയ, വർഗീയ, ഫാസിസത്തോടും ജനാധിപത്യപരമായ സന്ധിയില്ലാ സമരത്തിൽ സർവശക്തിയുമുപയോഗിച്ച് നിലയുറപ്പിക്കും. ഒരാക്ഷേപകൻ്റെയും ആക്ഷേപത്തെ ഭയപ്പെടാതെ ശരിയെന്ന് ഉത്തമ ബോധ്യമുള്ള വിഷയങ്ങളിൽ നിർഭയം മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം'- പി. മുജീബുറഹ്മാൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജമാഅത്തെ ഇസ്‌ലാമിയെ കല്ലെറിയുന്നവരോട്...
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. ജനാധിപത്യത്തിന് കരുത്തു പകരുംവിധം ഇതര രാഷ്ട്രീയ ശബ്ദങ്ങളെ കൂടി പരിഗണിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളല്ല, നിർഭാഗ്യവശാൽ കേരളത്തിൽ നടമാടിയത്. കേരളം ഇന്നോളം കാത്തുസൂക്ഷിച്ച സൗഹൃദവും സാഹോദര്യവും തകർക്കുന്ന സ്വഭാവത്തിൽ, സംഘ്പരിവാറിനെ പോലും തോൽപിക്കുന്ന രീതിയിൽ, വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള അവസരവാദ രാഷ്ട്രീയമാണ് പുരോഗമന പ്രതിഛായയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും പയറ്റിയത്. ജമാഅത്തെ ഇസ്‌ലാമിക്കുമേൽ വർഗീയത, ഭീകരത തുടങ്ങിയ മുദ്രകൾ ചാർത്തി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പ് പകരാനും മതേതര- ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിൽ ലഹരി കണ്ടെത്താനുമായിരുന്നു പലരും തിടുക്കം കൂട്ടിയത്.
തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രംഗത്തിറങ്ങിയത്. പ്രതീക്ഷിച്ചതായിരുന്നു ആ നീക്കം. കേരളത്തിൻ്റെ സ്വാസ്ഥ്യവും സൗഹൃദവും നിലനിർത്താൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി രാഷ്ട്രീയ സത്യസന്ധത തൊട്ടുതീണ്ടാത്ത കളവുകൾ വായിച്ചു പോകുന്ന കാഴ്ച ഏറെ സഹതാപമർഹിക്കുന്നതായിരുന്നു. കൗതുകമുള്ള കാര്യം, ചൈന, റഷ്യ, കമ്പുച്ചിയ, സൗത്ത് കൊറിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിൻ്റെ പേരിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പത്ത് കോടിയിലധികം മനുഷ്യരെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയവരുടെ ഛായാചിത്രങ്ങൾ പാർട്ടി ഓഫീസുകളിൽ ഇന്നും പൂജയ്ക്ക് കണക്കെ പ്രതിഷ്ഠിച്ചവരാണ് സമാധാനപരമായി ആശയാപ്രചാരണ പ്രവർത്തനം നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദ മുനമ്പിൽ നിർത്താൻ ഉൽസാഹിക്കുന്നതെന്ന വൈരുധ്യമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഇന്ത്യക്കാരൊന്നടങ്കം ആഘോഷിച്ച വേളയിൽ ഇന്ത്യ സ്വതന്ത്രമായിട്ടില്ലെന്നും പറഞ്ഞ് 1949ലെ കൽക്കത്ത തിസീസ് പ്രകാരം മൂന്ന് വർഷത്തോളം സായുധ പോരാട്ടത്തിന് നേതൃത്വം കൊടുത്തവരുടെ പിൻമുറക്കാരാണ് ജമാഅത്തെ ഇസ്‌ലാമിക്ക് മേൽ തീവ്രവാദ ചാപ്പ ചാർത്തുന്നതെന്ന അശ്ലീല രാഷ്ട്രീയം കേരളം തിരിച്ചറിയുന്നുണ്ടെന്ന ബോധം മുഖ്യമന്ത്രിക്കും സഹ സഖാക്കൾക്കും ഉണ്ടാകുന്നത് നല്ലതാണ്.
രാഷ്ട്രീയ പ്രതിയോഗിക്കുനേരെ ഹിംസാത്മകമായ കൊലവിളിയോടെ 51 വെട്ടുവെട്ടി തീർപ്പുണ്ടാക്കുന്ന സി.പി.എമ്മിൻ്റെ പ്രവർത്തന ശൈലിയും ജനാധിപത്യത്തിൻ്റെ ഉള്ളുതുറന്ന ആശയ സംവാദം താവഴിയായി സ്വീകരിച്ചുപോന്ന ജമാഅത്തെ ഇസ്‌ലാമിയെയും അനുഭവിച്ചറിഞ്ഞ മലയാളി സമൂഹത്തിൽ ഗീബൽസിയൻ തന്ത്രങ്ങൾ ഫലവത്താവുകയില്ലെന്ന ലളിതസത്യം മനസ്സിലാക്കാനുള്ള രാഷ്ട്രീയ യുക്തി പിണറായി വിജയന് നഷ്ടപ്പെടാൻ പാടില്ലായിരുന്നു.
മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമടക്കം ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി ഇസ്‌ലാംപേടിയെ രാഷ്ട്രീയ ആയുധമാക്കുന്ന പാർട്ടിക്കകത്തും പുറത്തുമുള്ള എല്ലാവരും മനസിലാക്കേണ്ട കാര്യം, പ്രാഥമികമായി നിങ്ങൾ കേരളത്തിൽ സംഘ്പരിവാറിന് മണ്ണൊരുക്കാനാണ് മത്സരിച്ചത് എന്നതാണ്. വർഗീയ പ്രസ്ഥാനം, തീവ്രവാദ പ്രസ്ഥാനം, ഭീകരവാദ പ്രസ്ഥാനം, മതരാഷ്ട്രവാദികൾ തുടങ്ങി ആഗോളതലത്തിൽ സാമ്രാജ്യത്വവും അവരുടെ മെഗാഫോണായ എംബഡഡ് ജേണലിസവും ഇസ്‌ലാമോഫോബിയ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രൂപപ്പെടുത്തിയ പദാവലികൾ തന്നെയാണ് ജമാഅത്ത് ഇസ്‌ലാമിക്കെതിരെ കേരളത്തിൽ സിപിഎമ്മും വ്യാപകമായി ഉപയോഗപ്പെടുത്തിയത്. എല്ലാകാലത്തും ജമാഅത്ത് വിരുദ്ധ കാമ്പയിൻ കേരളത്തിൽ ശക്തിയാർജിച്ചത് ഇത്തരത്തിൽ ഇസ്‌ലാംഭീതിയെ ഉൽപാദിപ്പിച്ചുകൊണ്ടായിരുന്നു. കാമ്പയിനിൻ്റെ കൂട്ടും പാചകപ്പുരയും എകെജി സെൻ്ററിലായിരുന്നെങ്കിലും അതിൻ്റെ പന്തിഭോജനത്തിൽ സിപിഎമ്മിനൊപ്പം അപൂർവം ചില മുസ്‌ലിം മതസംഘടനാ നേതാക്കൾ, മതപുരോഹിതർ, വാർത്താചാനലുകൾ, ഓൺലൈൻ മീഡിയകൾ എന്നിവരൊക്കെ ഒരേ സ്വരത്തിലും താളത്തിലും ജമാഅത്തിനെതിരെ ചുവടുവെക്കുകയായിരുന്നു. എന്നാൽ, അന്തിമമായി കേരളത്തിൻ്റെ സാമൂഹ്യാന്തരീക്ഷം തകർക്കാൻപോന്ന സ്വഭാവത്തിൽ ഇസ്‌ലാമിനോടുള്ള വെറുപ്പുൽപ്പാദിപ്പിക്കുകയും അതിൻ്റെ വിളവെടുപ്പ് നടത്തുകയുമായിരുന്നു അവർ ചെയ്തത്.
അവിഭക്ത ഇന്ത്യയിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ജനാധിപത്യപരമായി ജനങ്ങൾക്കിടയിൽ ജീവിച്ച് ഇന്ത്യൻ മനസ്സിൽ ഇടം നേടിയെടുത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ചരിത്രത്തിൻ്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അതിന്നോളം ജീവിച്ചുതീർത്തത്. അപരൻ്റെ ചോരക്കും അഭിമാനത്തിനും ഏറെ പവിത്രത കൽപ്പിച്ച ഒരാദർശമാണ് ഞങ്ങളുടെ വെളിച്ചം. അതുകൊണ്ടാണ് ഈ 'മതേതര വിശുദ്ധിവാദക്കാരുടെ' സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടി ജമാഅത്തെ ഇസ്‌ലാമി അപേക്ഷ നൽകാതിരുന്നതും അവരുടെ 'നല്ല മുസ്‌ലിം' (Good Muslim) പദവി നേടിയെടുക്കാൻ ഈ പ്രസ്ഥാനത്തിന് കഴിയാതെ പോയതും. അതുകൊണ്ട് ഞങ്ങൾക്കെതിരെ കേരളത്തിലരങ്ങേറുന്ന രാഷ്ട്രീയ നൈതികത തൊട്ടുതീണ്ടാത്ത വിമർശനങ്ങളോട് എതിരുപറയാനുള്ള ധാർമിക ശേഷിയും ആദർശനിലപാടും ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്.
സിപിഎം സ്വീകരിച്ചുവരുന്ന മൃദുഹിന്ദുത്വ സമീപനങ്ങളോടും വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക ലിബറൽ ആശയങ്ങളോടുമുള്ള വിയോജിപ്പ് തുറന്ന് കാണിക്കാനും കൃത്യമായ ബദൽ നരേറ്റീവുകൾ രൂപപ്പെടുത്താനുമുള്ള ശേഷിയും അതിൻ്റെ സ്വാധീനവുമാണ് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അവർ നടത്തുന്ന പടപ്പുറപ്പാടിന് കാരണമെന്ന് ഇരുകൂട്ടർക്കും നന്നായറിയാം. അതിനാൽ, ജമാഅത്തെ ഇസ്‌ലാമിക്ക് മേൽ എന്തെല്ലാം മുദ്രകൾ ചാർത്തി ഭീകരവൽക്കരിച്ചാലും അധികാര ധാർഷ്ട്യത്തോടും വംശീയ, വർഗീയ, ഫാസിസത്തോടും ജനാധിപത്യപരമായ സന്ധിയില്ലാ സമരത്തിൽ സർവശക്തിയുമുപയോഗിച്ച് ഞങ്ങൾ നിലയുറപ്പിക്കും. പുരോഗമന ആശയങ്ങളെക്കുറിച്ച് വാചാലമാവുകയും അതേസമയം അവസരവാദ നിലപാടിലൂടെ ആത്മവഞ്ചന നടത്തുകയും ചെയ്യാത്ത ആർക്കും ഈ പ്രവാഹത്തിലേയ്ക്ക് ഇനിയും സ്വാഗതം. ഒരാക്ഷേപകൻ്റെയും ആക്ഷേപത്തെ ഭയപ്പെടാതെ ശരിയെന്ന് ഉത്തമ ബോധ്യമുള്ള വിഷയങ്ങളിൽ നിർഭയം മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.