'റോഡുകൾ ഒലിച്ചുപോയി,വന്യജീവി ശല്യവും രൂക്ഷം'; ദുരന്തഭൂമിയിലേക്ക് തിരിച്ചെത്തേണ്ടിവരുമെന്ന ഭയപ്പാടിൽ പടവെട്ടിക്കുന്നുകാർ
27 വീടുകൾ വാസയോഗ്യമെന്ന് കണ്ടെത്തിയ വിദഗ്‍ധസമിതി റിപ്പോര്‍ട്ടാണ് പടവെട്ടിക്കുന്നുകാർക്ക് തിരിച്ചടിയായത്
വയനാട്: ദുരന്തഭൂമിയിലേക്ക് താമസിക്കാൻ തിരിച്ചേത്തേണ്ടി വരുമെന്ന ഭയപ്പാടിലാണ് ചൂരല്‍മല പടവെട്ടിക്കുന്നുകാർ. ഇവിടുത്തെ 27 വീടുകൾ വാസയോഗ്യമെന്ന് കണ്ടെത്തിയ വിദഗ്‍ധസമിതി റിപ്പോര്‍ട്ടാണ് പടവെട്ടിക്കുന്നുകാർക്ക് തിരിച്ചടിയായത്.വീടുകൾക്ക് കേടുപാടില്ല, പക്ഷേ ഉരുൾപ്പൊട്ടൽ കാർന്ന ഭൂമി കടന്ന് വേണം പടവെട്ടിക്കുന്നിലെത്താൻ.
ഒരൊറ്റ രാത്രികൊണ്ട് പുഞ്ചിരിവട്ടത്തെയും മുണ്ടക്കൈയിലേയും മനുഷ്യരെല്ലാം ഒലിച്ചിറങ്ങി പോയ ഇടം. റോഡെന്ന് വെറുതെ പറയാവുന്ന മണ്ണിലൂടെ കടന്ന് വേണം പടവെട്ടിക്കുന്നിലെത്താൻ.വഴിയിലുടനീളം വന്യജീവികൾ വിഹരിക്കുന്നതിന്റെ പാടുകളും കാണാം.
പടവെട്ടിക്കുന്നിലേക്ക് കയറുമ്പോൾ ഇവിടം വാസയോഗ്യമെന്ന് വിദഗ്‍ധസമിതി അടയാളപ്പെടുത്തിയ കല്ല് കാണാം. 27 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ദുരന്തത്തിന് ശേഷം ഒന്നോ രണ്ടോ കുടുംബങ്ങളൊഴികെ ബാക്കിയുള്ളവർ പലയിടത്തായി വാടകവീടുകളിലേക്ക് മാറി. ഉരുള്‍ ഗതിമാറ്റിയ പുന്നപ്പുഴയോരത്തെ റോഡ് നന്നാക്കിയാല്‍ പടവെട്ടിക്കുന്നുകാർക്ക് ഈ ദുരന്തഭൂമിയിലേക്ക് തിരികെയെത്തേണ്ടി വരും.തിരിച്ചുവന്നാലും വന്യമൃഗങ്ങളെ പേടിച്ച് തീർത്തും ഒറ്റപ്പെട്ട് താമസിക്കണം.ഇനിയൊരു ദുരന്തസാധ്യത തള്ളിക്കളയാനുമാകില്ല.അത് കൊണ്ട് തന്നെ ദുരന്തബാധിതരായി കണക്കാക്കി പുതിയ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തമെന്ന ആവശ്യം ഇവർ നിരന്തരം ഉന്നയിക്കുന്നു.
ഉരുള്‍പ്പൊട്ടിയിറങ്ങി ഒരുവർഷമാകുമ്പോൾ ദുരന്തത്തിന്റെ ഓർമ്മകൾ പേറി ഇനിയുള്ള കാലം ഇവിടെ താമസിക്കാൻ പറയരുതെന്ന് ഉള്ളുലഞ്ഞാണ് പടവെട്ടിക്കുന്നുകാർ പറയുന്നത്.