'അഞ്ച് ലക്ഷം തരാനുണ്ട്, കോൺഗ്രസിനെ ഇനി വിശ്വസിക്കില്ല'; ടി. സിദ്ദിഖിന്റെ വാദം തള്ളി എൻ.എം വിജയന്റെ മരുമകൾ പത്മജ
കോൺഗ്രസ് വയനാട്ടിൽ മരണത്തിൻ്റെ വ്യാപാരികളാകുകയാണെന്ന് സിപിഎം
മാനന്തവാടി: ടി.സിദ്ദിഖ് എംഎല്‍എയുടെ വാദം തള്ളി ആത്മഹത്യ ചെയ്ത എൻ.എം വിജയന്റെ മരുമകൾ പത്മജ. കെപിസിസി പ്രസിഡന്‍റും സിദ്ദിഖും പറയുന്നത് പരസ്പര വിരുദ്ധമായാണെന്നും അതിൽ ആദ്യം വ്യക്തത വരുത്തട്ടെയെന്നും പത്മജ പറഞ്ഞു.
കരാർ പ്രകാരം ഇനി അഞ്ച് ലക്ഷം രൂപ തരാനുണ്ട്.വീടിൻ്റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത് തരാം എന്നും കരാറിലുണ്ട്. കോൺഗ്രസിനെ ഇനി വിശ്വസിക്കില്ലെന്നും പത്മജ പറഞ്ഞു.
നേതാക്കൾ എടുക്കുന്ന തീരുമാനത്തോട് തനിക്ക് യോജിപ്പില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്ന സംഭാഷണം എൻ.എം.വിജയന്റെ കുടുംബം പുറത്തുവിട്ടു.കോൺഗ്രസ് കരാർ പാലിക്കാത്തതിനെ തുടർന്നാണ് കുടുംബം തിരുവഞ്ചൂർ രാധാകൃഷ്ണനെ കണ്ടത്. ആ സമയം നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തുക കൊടുക്കാൻ തീരുമാനിക്കേണ്ടതായിരുന്നുവെന്നും നേതാക്കൾ എടുക്കുന്ന നിലപാടുകളോട് ഒരു യോജിപ്പും ഇല്ലെന്നും തിരുവഞ്ചൂർ പറയുന്നു. രാഷ്ട്രീയത്തിലെ തരികിടപ്പണിയോടൊന്നും ഞാൻ യോജിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറയുന്നുണ്ട്.
അതേസമയം, കോൺഗ്രസ് നേതാക്കളെ തള്ളിയെന്ന വാർത്ത നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി.സഹപ്രവർത്തകരെ അവിശ്വസിക്കുന്ന ആളല്ല താനെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വാർഡ് മെമ്പർ ജോസ് നെല്ലേടത്തിന്റെ വീട് പ്രിയങ്കാ ഗാന്ധിയടക്കം പ്രധാന നേതാക്കൾ സന്ദർശിക്കാത്തത് സിപിഎം ആയുധമാക്കി.ജോസിന്റെ വീട്ടില് പോകാൻ നേതാക്കള്‍ക്ക് ധൈര്യമില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ.റഫീഖ് പറഞ്ഞു.
കോൺഗ്രസ് വയനാട്ടിൽ മരണത്തിൻ്റെ വ്യാപാരികൾ ആകുകയാണ്. കഴിഞ്ഞദിവസം മരിച്ച കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പോലും പോകാൻ ധൈര്യമില്ലാത്തവരാണ് കോൺഗ്രസിന്റെ വയനാട്ടിലെ എംഎൽഎമാരും വയനാട് എംപിയും.എൻ.എം വിജയൻ്റെ മരുമകളെയും കുടുംബത്തെയും അവഹേളിച്ചത് കൊണ്ടാണ് അവർ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയതെന്നും ടി.സിദ്ദിഖ് കരാർ ലംഘനം നടത്തിയതിനെപ്പറ്റി വിശദീകരിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു. അധികാരത്തിനും പണത്തിനും വേണ്ടി കോൺഗ്രസ് കാർ സാധാരണ പ്രവർത്തകരെ കൊലയ്ക്ക് കൊടുക്കുകയാണ്. പ്രിയങ്ക ഗാന്ധിക്ക് കുറച്ച് സമയം ജോസിന്റെ വീട്ടിൽ പോകാൻ മാറ്റിവെക്കാമായിരുന്നു. സാധാരണ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം ഒരു വിലയും കാണിക്കുന്നില്ല എന്നതിന്റെ തെളിവ് ആണിത്. കല്പറ്റയിൽ ഇന്നലെ സിദ്ദിഖ് നടത്തിയ ഷോ ജോസ് നെല്ലേടത്തിന്റെ വീട്ടിൽ പോകാൻ കാണിക്കണമായിരുന്നുവെന്നും കെ.റഫീഖ് പറഞ്ഞു.