മേനിയില്‍ ഒരു തരിപൊന്നില്ലാതെ വധു; വരന്‍റെ വിവാഹ സമ്മാനം ഒരുകെട്ട് പുസ്തകം

സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നൽകി പാലക്കാട് വ്യത്യസ്തമായൊരു വിവാഹം

Update: 2021-10-18 16:43 GMT

ഒരു തരി പൊന്നു പോലും ധരിക്കാതെ നവവധു വിവാഹവേദിയില്‍. സമ്മാനമായി വരൻ നൽകിയത് ഒരു കെട്ടു പുസ്തകം.  സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നൽകി പാലക്കാട് വ്യത്യസ്തമായൊരു കല്യാണം. വിവാഹത്തില്‍ പുസ്തകങ്ങൾ മാത്രം സ്വീകരിച്ച് സമൂഹത്തിന് മാതൃകയായിരിക്കുകയാണ് അലനെല്ലൂർ സ്വദേശി അനൂപും പല്ലശ്ശന സ്വദേശിനി നീതുവും. 

കല്ല്യാണത്തിന് എത്തിയവര്‍ വധൂവരന്മാര്‍ക്ക് സമ്മാനം നൽകിയതും പുസ്തകങ്ങൾ തന്നെയാണ്. പുസ്തകം വാങ്ങാൻ മറന്നവര്‍ക്കായി കല്ല്യാണ മണ്ഡപത്തിന് മുന്നിൽ താത്കാലിക ബുക്ക്സ്റ്റാളും ഒരുക്കിയിരുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ പെണ്‍കുട്ടികൾ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ ശ്രദ്ധയിപെട്ടപ്പോൾ സമൂഹത്തിന് ഒരു സന്ദേശം നൽകാനാണ് ഇത്തരത്തിൽ വിവാഹം നടത്തിയതെന്ന് വധുവരന്മാർ പറഞ്ഞു.മറ്റുള്ളവരും ഇത് മാതൃകയാക്കണമെന്നാണ് ആഗ്രഹമെന്ന് നവദമ്പതികൾ കൂട്ടിച്ചേര്‍ത്തു. സ്ത്രീധനത്തിനെതിരായി ഒപ്പുവെച്ചാണ് വിവാഹത്തിനെത്തിയവർ മടങ്ങിയത് 

Advertising
Advertising

പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞതും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന് ഇരുവരും തീരുമാനിച്ചതാണെന്നും വീട്ടുകാർക്ക് ഇതിനോട് പൂർണസമ്മതമായിരുന്നെന്നും വധൂവരന്മാർ പറഞ്ഞു.വധു നീതുവാണ് സമ്മാനമായി വിവാഹത്തിനെത്തുന്ന ബന്ധുക്കളില്‍നിന്ന് പുസ്തകങ്ങള്‍ സമ്മാനമായി വാങ്ങാമെന്ന ആശയം മുന്നോട്ട് വച്ചത്.  സമ്മാനമായി ലഭിച്ച പുസ്തകങ്ങള്‍ കൊണ്ട് നീതുവിന്‍റെ വീട്ടില്‍ പുതിയൊരു ലൈബ്രറി തുടങ്ങാനാണ് തീരുമാനം. അരനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കോ ഓര്‍ഡിനേറ്ററുമാണ് അനൂപ്. ചിത്രകാരിയും ആര്‍ക്കിടെക്ട് ബിരുദധാരിയുമാണ് നീതു.




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News