'ഈ പെട്ടിക്കകത്ത് ഒരു രൂപയുണ്ടെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്തും'- നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാൻ ആണ് ട്രോളി ബാഗിൽ പണം എത്തിച്ചതെന്ന ആരോപണം രാഹുൽ മാങ്കൂട്ടത്തിൽ തള്ളി

Update: 2024-11-06 11:46 GMT
Editor : banuisahak | By : Web Desk

പാലക്കാട്: പാലക്കാട് ഹോട്ടലിൽ കള്ളപ്പണമെത്തിയെന്ന ആരോപണത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്ന നീല ട്രോളി ബാഗ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. പെട്ടിയിൽ പണം ഉണ്ടായിരുന്നെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്താമെന്നും രാഹുൽ പറഞ്ഞു. ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്നും കെ.എസ്.യു നേതാവ് ഫെനിയാണ് ബാഗ് കൊണ്ടുവന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ആരോപിച്ചു.. അതിനിടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു.

Advertising
Advertising

തെരഞ്ഞെടുപ്പ് ചുമതലയുള്ള ആളാണ് ഫെനിയെന്നും അദ്ദേഹം മുറിയിൽ വരുന്നത് കൊണ്ട് എന്താണ് കുഴപ്പമെന്നും രാഹുൽ ചോദിച്ചു. ഫെനി കെഎസ്‌യു സംസ്ഥാന സെക്രട്ടറിയാണ്. അയാൾ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമാണ്. പെട്ടിയിൽ പണം ഉണ്ടായിരുന്നെന്ന് തെളിയിക്കട്ടെയെന്നും രാഹുൽ പറഞ്ഞു. നീല നിറത്തിലുള്ള ട്രോളി ബാഗ് മുന്നിൽ വെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

'ഞാൻ മുന്നിലെ വാതിലിലൂടെ കയറിപ്പോകുന്നതും പിന്നിലൂടെ ഇറങ്ങുന്നതും സിപിഎം പ്രദർശിപ്പിക്കട്ടെ. അങ്ങനെയൊരു സിസിടിവി ദൃശ്യമുണ്ടെങ്കിൽ ഞാൻ എന്റെ പ്രചാരണം നിർത്താം. ഈ പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാലും ഈ പ്രചാരണം നിർത്തും. ഹോട്ടലിൽ സാധാരണ പെട്ടിയുമായാണ് പോകാറുള്ളത്. നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്. എന്റെ വസ്ത്രങ്ങളാണ് അതിൽ. ബോർഡ് റൂമിൽ വെച്ച് പെട്ടി തുറന്നിട്ടുമുണ്ട്. പൊലീസിന് പരിശോധന നടത്താൻ പെട്ടി കൊടുക്കാൻ തയ്യാറാണ്'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

അതേസമയം, കോൺഗ്രസ് നേതാക്കൾ താമസിച്ച കെപിഎം ഹോട്ടലിൽ പൊലീസ് പരിശോധന തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വ്യാജ ഐഡി കാർഡ് നിർമ്മാണ കേസിലെ പ്രതി പാലക്കാട് എത്തിയത് സംബന്ധിച്ചും, തെരഞ്ഞെടുപ്പിനായി പണം എത്തിച്ചോ എന്നി വിഷയങ്ങളിൽ പരിശോധന വേണമെന്നാണ് ആവശ്യപ്പെട്ടാണ് പരാതി.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാത്തത് വിവാദമായിരുന്നു. പിന്നാലെയാണ് ദൃശ്യങ്ങൾ തേടി പൊലീസ് വീണ്ടും ഹോട്ടലിൽ എത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ഉദ്യോഗസ്ഥ സംഘം കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ എത്തിയത്. ഉപതെരഞ്ഞെടുപ്പിനായി നീല നിറത്തിലുള്ള ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന പരാതിയിലായിരുന്നു പരിശോധന. ഇൻസ്പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല.

കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരാതി അന്വേഷിക്കുമെന്നും നേരത്തെ തന്നെ കലക്‌ടർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ നാടകീയ രംഗങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥ സംഘം വീണ്ടും കെപിഎം ഹോട്ടലിൽ എത്തിയത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News