'കമ്മി കൊങ്ങി ഭായ് ഭായ്...'; എൽഡിഎഫും യുഡിഎഫും ഒരുമിച്ച് ഭരിക്കുന്ന പഞ്ചായത്ത്
ഭരണത്തിൽ സൗഹൃദമാണെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായ പോരിനൊരുങ്ങുകയാണ് മുന്നണികൾ
കോഴിക്കോട്: സിപിഎമ്മും കോൺഗ്രസും കേരള രാഷ്ട്രീയത്തിൽ ചിരവൈരികളാണ്. എന്നാൽ കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഇവർ ഒരുമിച്ചാണ്. എൽഡിഎഫ്- 10, യുഡിഎഫ്- 10, ബിജെപി- മൂന്ന് എന്നതാണ് ഇവിടത്തെ കക്ഷിനില. നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിച്ചത്.
പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്, വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് എന്ന് തീരുമാനിച്ചത് നറുക്കെടുപ്പിലൂടെയാണ്. കോൺഗ്രസിലെ ഇന്ദിര ഏറാടിയിൽ ആണ് പ്രസിഡന്റ്, സിപിഎം നേതാവ് എം.കെ നിജിൽരാജ് ആണ് വൈസ് പ്രസിഡന്റ്. ആശയപരമായ ഭിന്നതകൾ പ്രവർത്തനങ്ങളിൽ തർക്കത്തിന് കാരണമാകാറുണ്ടെങ്കിലും പരിഹരിച്ച് മുന്നോട്ട് പോകാറാണ് പതിവെന്ന് ഭരണസമിതി പറയുന്നു.
ഭരണത്തിൽ സൗഹൃദമാണെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായ പോരിനൊരുങ്ങുകയാണ് മുന്നണികൾ. അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭരണം പിടിക്കുമെന്നാണ് ഇരു മുന്നണികളും അവകാശപ്പെടുന്നത്. പല സീറ്റുകളും കുറഞ്ഞ വോട്ടുകൾക്കാണ് കഴിഞ്ഞ തവണ നഷ്ടപ്പെട്ടത്. ഇത്തവണ ആ സീറ്റുകൾ തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.