'ദയവായി ഉപദ്രവിക്കരുത്'; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്ത് പന്ന്യനും തൃശൂരിൽ വി.എസ് സുനിൽകുമാറും വയനാട്ടിൽ ആനി രാജയും മാവേലിക്കരയിൽ സി.എ അരുൺകുമാറും മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്

Update: 2024-02-04 17:15 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന മാധ്യമവാർത്തകൾ തള്ളി മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു നേരത്തെ പറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണെന്നും ഉപദ്രവിക്കരുതെന്നും പന്ന്യൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങാറായിട്ടില്ല. ഇപ്പോൾ പ്രചരിപ്പിക്കുന്നതൊന്നും പാർട്ടി തീരുമാനമല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു നേരത്തെ പറഞ്ഞതാണ്. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണ്. ദയവുചെയ്ത് തന്നെ ഉപദ്രവിക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.

സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടികയിലായിരുന്നു പന്ന്യൻ രവീന്ദ്രന്റെ പേരും പുറത്തുവന്നത്. പന്ന്യൻ തിരുവനന്തപുരത്ത് മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്. തൃശൂരിൽ വി.എസ് സുനിൽകുമാർ, വയനാട്ടിൽ ആനി രാജ, മാവേലിക്കരയിൽ സി.എ അരുൺകുമാർ എന്നിവരെയും പരിഗണിക്കുന്നതായാണു സൂചന. ഈ മാസം 10, 11 തിയതികളിൽ ചേരുന്ന സംസ്ഥാന കൗൺസിലിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും.

സ്ഥാനാർഥി നിർണയത്തിൽ ഈ മാസം പകുതിയോടെ അന്തിമ തീരുമാനത്തിലെത്താനാണ് ഇടത് മുന്നണി തീരുമാനം. 15 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസും മത്സരിക്കാനാണു ധാരണ.

Summary: Senior CPI leader Pannyan Raveendran dismisses media reports that he would contest the Lok Sabha elections from Thiruvananthapuram. He clarifies that he had said earlier that he is not willing to return into election politics

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News