'ദേഷ്യം നമ്മുടെ ദുർബലത, കോപം വന്നാൽ സ്വയം നിയന്ത്രിക്കണം'; കൊലയാളി ശ്യാംജിത്തിന്റെ മുൻ പോസ്റ്റ്

'ഈ പറഞ്ഞതൊക്കെ സ്വന്തം ജീവിതത്തിൽ കൊണ്ടുവരാൻ തയ്യാറായിരുന്നെങ്കിൽ ഒരു പാവം പെൺകുട്ടി കൊല്ലപ്പെടില്ലായിരുന്നു' എന്നാണ് പോസ്റ്റിനടിയിലെ ഒരു കമന്റ്.

Update: 2022-10-22 16:17 GMT
Advertising

കണ്ണൂർ പാനൂരിൽ പാനൂരിൽ 23കാരിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ശ്യാംജിത് മുരിക്കോളിയുടെ മുൻ പോസ്റ്റുകൾ ചർച്ചയാവുന്നു. ക്ഷമയേയും ദേഷ്യം നിയന്ത്രിക്കുന്നതിനേയും കുറിച്ചൊക്കെയുള്ള ഉപദേശ പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ രൂക്ഷ പ്രതികരണങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.

ദേഷ്യം നമ്മുടെ ദുർബലതയാണെന്നും ക്ഷമയും, വിവേകവുമാണ്‌ ദേഷ്യത്തിനുള്ള മറുമരുന്നെന്നുമാണ് 2020 ഫെബ്രുവരി ഏഴിന് ഇയാൾ ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്ന പോസ്റ്റിലെ ഉപദേശം. ''ദേഷ്യപ്പെട്ടിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പാക്കരുത്‌. കോപം വന്നാൽ സ്വയം നിയന്ത്രിക്കണം. ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവ്വം ചിന്തിക്കുക'' എന്നും ഇയാൾ പറയുന്നുണ്ട്.

''ദേഷ്യം തനിച്ച് വരും. പക്ഷെ നമ്മിലുള്ള നല്ല ഗുണങ്ങളെ മുഴുവൻ കൊണ്ട് പോകും. ക്ഷമയും തനിച്ച് വരും. പക്ഷെ എല്ലാ നല്ല ഗുണങ്ങളെയും നമുക്ക് കൊണ്ടുവന്ന് തരും. തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്'' എന്നാണ് 2018 ഏപ്രിൽ 21ലെ പോസ്റ്റ്.

ഇത്തരത്തിൽ ക്ഷമയുടേയും കോപം നിയന്ത്രിക്കലിന്റേയും സന്ദേശം കൈമാറിയിരുന്ന ഒരാളാണ് പ്രണയ നിഷേധത്തിന്റെ പേരിൽ കോപം അടക്കാനാവാതെ മുൻ കാമുകിയെ നിഷ്ടൂരമായി ചുറ്റികയ്ക്ക് അടിച്ചും കത്തി കൊണ്ട് കഴുത്തറുത്തും കൊലപ്പെടുത്തിയത് എന്നതാണ് വിരോധാഭാസമെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.

ശ്യാംജിത്തിന്റെ മുൻ പോസ്റ്റുകൾക്കും ഫോട്ടോകൾ‍ക്കും താഴെ നിരവധി പേരാണ് രൂക്ഷ പ്രതികരണങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ദേഷ്യം തനിച്ച് വരുമെന്നും പക്ഷെ നമ്മിലുള്ള നല്ല ഗുണങ്ങളെ മുഴുവൻ കൊണ്ട് പോകുമെന്നുമുള്ളത് ഇപ്പോൾ കൃത്യമായി പാലിക്കപ്പെട്ടു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 'ഈ പറഞ്ഞതൊക്കെ സ്വന്തം ജീവിതത്തിൽ അന്വർഥമാക്കനും കൂടെ നീ നോക്കിയിരുന്നേൽ നന്നായിരുന്നു' എന്നും കമന്റുണ്ട്.

'ഇത്തിരി ഉപദേശം എടുക്കട്ടെ', 'എന്നിട്ടാണോടാ നീ ആ പെണ്ണിനെ കൊന്നത്', 'ദേഷ്യം അല്ലാണ്ട് സ്നേഹം കൊണ്ടാണോ നീ ആ പെണ്ണിനെ കൊന്നത്', 'ഈ പറഞ്ഞതൊക്കെ സ്വന്തം ജീവിതത്തിൽ കൊണ്ടുവരാൻ തയ്യാറായിരുന്നെങ്കിൽ ഒരു പാവം പെൺകുട്ടി കൊല്ലപ്പെടില്ലായിരുന്നു', 'ഇതങ്ങ് ജീവിതത്തിൽ പ്രവർത്തികമാക്കിയാൽ പോരായിരുന്നോ', 'സ്വന്തം ജീവിതത്തിൽ പാലിക്കാൻ പറ്റിയില്ല അല്ലേ', 'നല്ല ക്യാപ്ഷൻ പക്ഷേ പ്രവർത്തി വളരെ മോശം', 'പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്'... ഇങ്ങനെ നിരവധി കമന്റുകളാണ് ഇയാളുടെ പോസ്റ്റിന് താഴെ നിറയുന്നത്.

പാനൂർ പാനൂർ വള്ളിയായിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയം തകർന്നതു മുതൽ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം മനസിലാക്കി എത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ കയറി വിഷ്ണുപ്രിയയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.

പ്രണയനിഷേധം കടുത്ത പകയായെന്നും കൊല നടത്തിയത് വിഷ്ണുപ്രിയയെ ദിവസസങ്ങളോളം നിരീക്ഷിച്ചതിനു ശേഷമാണെന്നും ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോടു വ്യക്തമാക്കി. പ്രണയത്തിലായിരുന്ന വിഷ്ണുപ്രിയയും മുൻ കാമുകനായ ശ്യാംജിതും ഇടക്കാലത്ത് പിണങ്ങിയിരുന്നു. തുടർന്ന്, ഇനി ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് വിഷ്ണുപ്രിയ അറിയിച്ചു. ഇതോടെ ശ്യാംജിത്തിന് പെണ്‍കുട്ടിയോട് കടുത്ത പകയുണ്ടാവുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ ഇയാളെ പിടികൂടിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News