കോഴിക്കോട്ടെ പാരഗൺ രുചിപ്പെരുമക്ക് ലോക നേട്ടം

ലോകത്തെ 150 ഐതിഹാസിക റസ്‌റ്റോറന്റുകളുടെ പട്ടികയിൽ 11 ആം സ്ഥാനത്താണ് പാരഗൺ ഹോട്ടലും അവിടത്തെ ബിരിയാണിയും

Update: 2023-06-25 09:55 GMT
Advertising

മലയാളിയുടെ രുചിപ്പെരുമയിൽ ഒഴിച്ചുകൂടാനാകാത്ത പേരാണ് പാരഗണിലെ ബിരിയാണിയുടേത്. കോഴിക്കോടെത്തിയാൽ പാരഗണിലെ ബിരിയാണി മസ്റ്റാണെന്നാണ് പൊതുവെ ആളുകൾ പറയുന്നത്. ഒരിക്കലെങ്കിലും ഈ ബിരിയാണി രുചിച്ചവർ ഇതിനെ ശരിവെക്കുകയും ചെയ്യും. ഇപ്പോൾ ഇതാ പാരഗൺ രുചിപ്പെരുമ രാജ്യാന്തര തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്‌റ്റോറന്റുകളുടെ പട്ടികയിൽ 11 ആം സ്ഥാനമാണ് പാരഗൺ ഹോട്ടൽ നേടിയിരിക്കുന്നത്. പട്ടികയിൽ ഇന്ത്യയിലെ ഏഴ്  ഹോട്ടലുകളും ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായ രുചിവൈവിധ്യത്തിന്റെയും പരമ്പരാഗതമായ മലബാർ ഭക്ഷണണങ്ങളുടെയും അടയാളമാണ് പാരഗൺ ബിരിയാണിയെന്നാണ് ടേസ്റ്റ് അറ്റലസിന്റെ അഭിപ്രായം.

 

ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടുത്തെ ഭക്ഷണങ്ങൾ രുചിച്ചിരിക്കണം എന്ന ടാഗ് ലൈനോടെയാണ് ടേസ്റ്റ് അറ്റ്‌ലസ് ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള റെസ്റ്റോറന്റുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 'രാജ്യാന്തര യാത്രയും നാടൻ ഭക്ഷണവും' എന്നതാണ് ടേസ്റ്റ് അറ്റ്‌ലസിലന്റെ ആപ്തവാക്യം. ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫിഗൽമുള്ളർ ആണ് പട്ടികയിൽ ഒന്നാമത്. ഈ റെസ്റ്റോറന്റിലെ ഷ്‌നിറ്റ്‌സെൽ വീനർ എന്ന വിഭവമാണ് ഈ നേട്ടത്തിന് കാരണമായത്. രണ്ടാം സ്ഥാനം ന്യൂയോർക്ക് സിറ്റിയിലെ കാറ്റ്‌സ് ഡെലിക്കേറ്റസെൻ റെസ്‌റ്റോറന്റിനാണ്. ഇന്തോനേഷ്യയിലെ സാനുറിലുള്ള വാറങ് ബെങ് റെസ്‌റ്റോറന്റാണ് മൂന്നാം സ്ഥാനത്ത്.

1939 ലാണ് പാരഗൺ സ്ഥാപിച്ചത്. അന്ന് മുതൽ തന്നെ ഏറെ പേരുകേട്ടതാണ് ഇവിടുത്തെ ചിക്കൻ ബിരിയാണിയും. തങ്ങളെ ഇതിനായി പരിഗണിക്കുമെന്നു പോലും കരുതിയില്ലെന്നും ജനങ്ങളുടെ തൃപതിക്കായി പരിശ്രമിക്കുമെന്നും പാരഗൺ ഗ്രൂപ്പ് എം.ഡി സുമേഷ് ഗോവിന്ദ് പ്രതികരിച്ചു. രാജ്യാന്തര ഫുഡ് ബ്ലോഗുകളുടെ റിവ്യുകൾ അടിസ്ഥാനമാക്കിയാണ് ടേസ്റ്റ് അറ്റ്‌ലസ് റെസ്‌റ്റോറെന്റുകളെ തിരഞ്ഞെടുക്കുന്നത്. പാരഗൺ, സൽക്കാര, എം-ഗ്രിൽ, ബ്രൗൺ ടൗൺ എന്നിങ്ങനെ നാല് ബ്രാൻഡുകളിലായി കേരളം, ബംഗളുരു, ദുബൈ എന്നിവിടങ്ങളിൽ പാരഗൺ ഗ്രൂപ്പിന് 25 ബ്രാഞ്ചുകളുണ്ട്.

ഇന്ത്യയിൽ നിന്നുളള റെസ്റ്റോറന്റുകളിൽ പാരഗൺ തന്നെയാണ് മുന്നിൽ. തൊട്ട് പിന്നാലെ 12ആം സ്ഥാനത്ത് ലക്‌നൗവിലെ തുൻഡേ കബാബിയാണ്. കൊൽക്കത്തയിലെ പീറ്റർ കാറ്റ് 17ആം സ്ഥാനത്തും, ഹരിയാനയിലെ മുർത്തലിലുള്ള അമൃത് സുഖ്‌ദേവ് ദാബ 23ആം സ്ഥാനത്തും, ബംഗളുരുവിലെ മവാലി ടിഫിൻ റൂംസ് 39ആം സ്ഥാനത്തും, ഡൽഹിയിലെ കരിംസ് 87ആം സ്ഥാനത്തും മുംബൈയിലെ രാം അശ്രായ 112ആം സ്ഥാനത്തുമാണ്. ഇവയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച റെസ്റ്റോറന്റുകൾ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News