പാർട്ടി വിമർശനം അംഗീകരിക്കുന്നു; പിതൃതർപ്പണത്തെ കുറിച്ചുള്ള നിലപാട് തിരുത്തി പി ജയരാജൻ

അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിശ്വാസികളിൽ വർഗീയ ശക്തികൾ ഇടപെടുന്നതിൽ ജാഗ്രത വേണമെന്നാണ് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതെന്നും ജയരാജൻ വിശദീകരിച്ചു.

Update: 2022-08-02 18:30 GMT
Advertising

പിതൃതർപ്പണത്തെ കുറിച്ചുള്ള നിലപാട് തിരുത്തി പി ജയരാജൻ. പിതൃതർപ്പണവുമായി ബന്ധപ്പെട്ട എഫ് ബി പോസ്റ്റിലെ പാർട്ടി വിമർശനത്തെ അംഗീകരിക്കുന്നു. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിശ്വാസികളിൽ വർഗീയ ശക്തികൾ ഇടപെടുന്നതിൽ ജാഗ്രത വേണമെന്നാണ് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതെന്നും ജയരാജൻ വിശദീകരിച്ചു. 

പിതൃതർപ്പണ ദിനത്തോടനുബന്ധിച്ച് ജൂലൈ 27ന് പി. ജയരാജൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വലിയ വിവാദമായിരുന്നു. പിതൃസ്മരണ ഉയർത്തി വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധ സംഘടനകൾ ആവശ്യമായ സേവനം നൽകണമെന്ന് കുറിപ്പിൽ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. തന്‍റെ നേതൃത്വത്തിലുള്ള ഐ.ആർ.പി.സി ബലിതർപ്പണ വേദിയിലൊരുക്കിയ സൗകര്യങ്ങളുടെ ചിത്രങ്ങൾ പിന്നീട് പോസ്റ്റ് ചെയ്യുകയും ചെയ്തു.

വിവാദം കനത്തതോടെ 29 ന് വിശദീകരവുമായി അദ്ദേഹം വീണ്ടും ഫേസ്ബുക്കിൽ ദീർഘ കുറിപ്പെഴുതി. വിശ്വാസികള്‍ ഒത്തുചേരുന്ന പൊതു ഇടങ്ങള്‍ മതതീവ്രവാദികള്‍ക്ക് വിട്ടു നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്റ് വിപുലമായ തോതില്‍ ചര്‍ച്ചക്കിടയായതില്‍ സന്തോഷമെന്നായിരുന്നു ആ കുറിപ്പിൽ അദ്ദേഹം ചൂണ്ടികാണിച്ചത്.

എന്നാൽ, പാർട്ടിയിൽ നിന്ന് തന്നെ വിമർശനമുയർന്ന സാഹചര്യത്തിലാണ് പി ജയരാജൻ ഇപ്പോൾ തിരുത്തുമായി രംഗത്തെത്തിയിരിക്കുന്നത്. തെറ്റിധാരണ ഉണ്ടാക്കി എന്ന വിമർശനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം എഴുതി.

ജയരാജന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക്‌ പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എൻ്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്. നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്ക്‌ പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News