'കേരളത്തിൽ മുസ്‌ലിം മാനേജ്‌മെന്റിലുള്ള എയ്ഡഡ് സ്‌കൂളുകൾ 1,360, ഹയർ സെക്കൻഡറി 102'; കണക്കുകൾ നിരത്തി വെള്ളാപ്പള്ളിക്ക് മറുപടിയുമായി റഹ്മത്തുല്ല സഖാഫി
സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നതും വർഗീയവുമായ പ്രസ്താവനകൾ ഒന്നിന് പിറകെ ഒന്നായി വന്നപ്പോൾ ചില ചാനലുകൾ ഒഴിച്ച് ജനാധിപത്യ പാർട്ടികളെല്ലാം കുറ്റകരമായ മൗനം സ്വീകരിക്കുകയായിരുന്നുവെന്ന് റഹ്മത്തുല്ല സഖാഫി പറഞ്ഞു
കോഴിക്കോട്: മുസ്‌ലിംകൾ അനർഹമായത് നേടുന്നുവെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് മറുപടിയുമായി എസ്‌വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നതും വർഗീയവുമായ പ്രസ്താവനകൾ ഒന്നിന് പിറകെ ഒന്നായി വന്നപ്പോൾ ചില ചാനലുകൾ ഒഴിച്ച് ജനാധിപത്യ പാർട്ടികളെല്ലാം കുറ്റകരമായ മൗനം സ്വീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭരിക്കുന്നവർക്കും പ്രതിപക്ഷത്തിരിക്കുന്നവർക്കും ഒറ്റ ക്ലിക്കിൽ കിട്ടുന്നതാണ് ആ കണക്കുകൾ. ആരൊക്കെ എന്തൊക്കെ നേടിയെന്ന് വിവരിച്ചു കൊടുത്ത് ഈ തെറ്റായ ആരോപണങ്ങളുടെ മുനയൊടിക്കേണ്ടതായിരുന്നു. പിണക്കിയാൽ വോട്ട് പോകുമോ എന്ന് പേടിച്ച് ആരും അനങ്ങിയില്ല. ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വർഗീയ ധ്രുവീകരണത്തിന് കാരണമായെന്നും കോഴിക്കോട് കോർപറേഷനിലെ നോർത്ത് വാർഡുകൾ മാത്രം പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.
കേരളത്തിൽ ആകെയുള്ള എയ്ഡഡ് സ്‌കൂളുകൾ 8,147. ഇതിൽ കേരള ജനസംഖ്യയുടെ 20 ശതമാനം മാത്രം വരുന്ന ക്രൈസ്തവ വിഭാഗത്തിന് നൽകിയത് 3,494. സ്‌കൂളുകൾ. 52 ശതമാനമുള്ള ഹിന്ദുക്കൾക്ക് 3,299. എന്നാൽ 28 ശതമാനമുള്ള മുസ്ലിംകൾക്ക് വെറും 1,360 മാത്രം. ഹയർ സെക്കൻഡറി സ്‌കൂൾ എയ്ഡഡ് മേഖലയിൽ ആകെ 669, ഇതിൽ 287ഉം ക്രൈസ്തവർക്ക്. 280 ഹിന്ദുക്കൾക്കും 102 എണ്ണം മാത്രം മുസ്‌ലിംകൾക്കും. ഈ ഇനത്തിലുള്ള ബിഎഡ് കോളജുകൾ ആകെ 21. ക്രിസ്ത്യാനികൾക്ക് 10, ഹിന്ദുക്കൾക്ക് 9, മുസ്ലിം 2. എയ്ഡഡ് കോളജുകളുടെ കാര്യത്തിലും മുസ്‌ലിംകളുടെ നില ദയനീയമാണ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഒമ്പത് ജില്ലകളിൽ എട്ട് സ്ഥാപനങ്ങൾ മാത്രമാണ് മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്നത്. തിരുവനന്തപുരത്ത് മാത്രം 14 കോളജുകളുണ്ട്.
ഇനി ശ്വാസംമുട്ടുന്ന മലപ്പുറത്തെ കഥ പറയാം. ആകെയുള്ള ഒമ്പതിൽ രണ്ടെണ്ണം നായർ സമുദായവും, രണ്ടെണ്ണം ക്രൈസ്തവ വിഭാഗവും അഞ്ച് എണ്ണം മുസ്‌ലിംകളും നടത്തുന്നു. അതേസമയം എറണാകുളത്തും കോട്ടയത്തും 15 വീതം കോളജുകളാണ് ക്രിസ്ത്യാനികൾക്ക് മാത്രം അനുവദിച്ചത്. അർഹമായത് ലഭിക്കാതിരുന്നിട്ട് പോലും മുസ്‌ലിംകൾ എവിടെയും ആരോടും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടില്ല. അതൊക്കെ അവരുടെ മിടുക്കായി മാത്രംകണ്ട് അവരെ അഭിനന്ദിക്കുകയാണ്. ഒരോ സമുദായ നേതൃത്വവും അവരുടെ സമുദായത്തെ ഉയർത്തിക്കൊണ്ട് വരുമ്പോഴാണ് നാട് വികസിക്കുക. പക്ഷേ ഇല്ലാത്തത് പറഞ്ഞ് ഒരു സമുദായത്തെ കള്ളൻമാരാക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ മൗനം പാലിക്കുന്നത് ശരിയല്ല. അത് ജനങ്ങൾക്കിടയിൽ വർഗീയ വിഭജനമുണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിലെ മൗനം പോലും വൻ കുറ്റമാണെന്നും റഹ്മത്തുല്ല സഖാഫി ചൂണ്ടിക്കാട്ടി.