മാധ്യമം ‘ഹാർമോണിയസ് കേരള’; മാനവികതയുടെ മഹോത്സവം ഇനി കാസർകോട്ട്, ഡിസംബർ 28ന് ബേക്കൽ ബീച്ച് പാർക്കിൽ
സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ നാടെന്ന് എന്നും ലോകം വാഴ്ത്തിയ കാസർകോടിന്റെ മണ്ണിലേക്കാണ് ഹാർമോണിയസ് കേരളയുടെ പുതിയ സീസൺ എത്തുന്നത്
കാസർകോഡ്: ഒത്തൊരുമയുടെ സന്ദേശം പകർന്ന് മാധ്യമം ‘ഹാർമോണിയസ് കേരള’ വീണ്ടും മലയാളികൾക്ക് മുന്നിലേക്ക്. വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ മഹോത്സവമായി മാറിയ ‘ഹാർമോണിയസ് കേരള’ വീണ്ടും കേരളത്തിലെത്തുമ്പോൾ അത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ്.
സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ നാടെന്ന് എന്നും ലോകം വാഴ്ത്തിയ കാസർകോടിന്റെ മണ്ണിലേക്കാണ് ഹാർമോണിയസ് കേരളയുടെ പുതിയ സീസൺ എത്തുന്നത്. കേരളം ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി നടക്കുന്ന ബേക്കൽ ഫെസ്റ്റിൽ ഡിസംബർ 28ന് ബേക്കൽ ബീച്ച് പാർക്കിൽ മാധ്യമം ‘ഹാർമോണിയസ് കേരള’ അരങ്ങേറും.
2018 പ്രളയത്തിൽ കേരളം വിറങ്ങലിച്ചുനിന്നപ്പോൾ അതിജീവനത്തിന്റെ നെടുന്തൂണായി മാറിയ പ്രവാസി മലയാളികളെ ചേർത്തുപിടിച്ചുകൊണ്ടാണ് മാധ്യമം, ‘ഹാർമോണിയസ് കേരള’ എന്ന പ്രവാസലോകത്തെ കൂട്ടായ്മയുടെ ആഘോഷത്തിന് തുടക്കമിടുന്നത്. പിന്നീട് ഗൾഫ് നാടുകളിലോരാന്നിലും മലയാളികൾ നെഞ്ചോടുചേർത്ത ആഘോഷമായി അത് മാറി. വെറുമൊരു ആഘോഷം എന്നതിനപ്പുറം കേരളവും പ്രവാസ മണ്ണും ഒന്നുചേരുന്ന അസുലഭ മുഹൂർത്തങ്ങളായിരുന്നു ഹാർമോണിയസ് കേരളയുടെ ഓരോ സീസണും. ലോകമറിയുന്ന താരനിര ഒരുപാട് ഹാർമോണിയസ് കേരളയുടെ വേദികളിൽ അണിനിരന്നു. ഗൾഫ് നാടിന്റെ സ്നേഹം ഓരോ സീസണിലും മലയാളികൾ തൊട്ടറിഞ്ഞു. ആ സ്നേഹവും കരുതലും ആഘോഷവും കടൽകടന്ന് മലയാള മണ്ണിലേക്ക് എത്തുകയാണ്.
സാഹോദര്യത്തിന്റെ പ്രതീകമായി മാറിയ, സ്നേഹ സൗഹൃദങ്ങളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന, സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും നാടെന്ന ഖ്യാതി ഒപ്പംകൂട്ടിയ കാസർകോഡ് ജില്ലക്ക് മാധ്യമം നൽകുന്ന സ്നേഹോപഹാരംകൂടിയാണ് ‘ഹാർമോണിയസ് കേരള’യുടെ പുതിയ എഡിഷൻ. കേരളത്തിന്റെ തനിമയും സംസ്കാരവും ചേർത്തുവെക്കുന്ന, സപ്തഭാഷാ സംഗമഭൂമിയിൽ ഡിസംബർ 28ന് ‘ഹാർമോണിയസ് കേരള’യുടെ പുതിയ സീസൺ അരങ്ങേറുമ്പോൾ അത് സാംസ്കാരികകേരളത്തിന്റെ ഒത്തുചേരൽകൂടിയായി മാറും.
ഹാർമോണിയസ് കേരളയുടെ ആഘോഷ രാവിൽ മലയാളത്തിന്റെ പ്രശസ്ത കലാകാരൻമാരും വിവിധ മേഖലകളിലെ പ്രമുഖരും അണിനിരക്കും. ടെലിവിഷൻ അവതാരകനും നടനുമായ മിഥുൻ രമേശ്, പാട്ടിൽ വിസ്മയം തീർക്കാൻ സൂരജ് സന്തോഷ്, ജാസിം ജമാൽ, അരവിന്ദ്, ശ്വേത അശോക്, ക്രിസ്റ്റകല, തുടങ്ങിയവർ വേദിയിലെത്തും. പുതുകാല ഹാസ്യ ശബ്ദഭാവങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച് സിദ്ദീഖ് റോഷനും ആഘോഷരാവിൽ പങ്കുചേരും.