കടല്‍മിഴി സര്‍ഗ്ഗയാത്ര; തീരദേശത്തെ അഞ്ഞൂറോളം കലാകാരന്മാര്‍ക്കുള്ള പ്രതിഫലം വൈകുന്നു
കോഴിക്കോട്, കണ്ണൂര്‍ ജില്ലക്കാർക്കുള്ള പ്രതിഫലമാണ് നല്‍കാത്തത്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കടല്‍മിഴി സര്‍ഗ്ഗയാത്രയില്‍ പങ്കെടുത്ത തീരദേശത്തെ അഞ്ഞൂറോളം കലാകാരന്മാര്‍ക്കുള്ള പ്രതിഫലം വൈകുന്നു. ഫെബ്രുവരിയിലും മാര്‍ച്ചിലും നടത്തിയ 'കടൽമിഴിയിൽ' പരിപാടികൾ അവതരിപ്പിച്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലക്കാർക്കുള്ള പ്രതിഫലമാണ് നല്‍കാത്തത്. കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് സംഘാടകരായ ഭാരത് ഭവന്‍ വ്യക്തമാക്കി.
നാസര്‍ കാപ്പാടിനെ പോലെ നൂറുകണക്കിന് പേര്‍ പങ്കെടുത്ത 'കടല്‍മഴി സര്‍ഗയാത്ര' സംഘടിപ്പിച്ചത് സാംസ്കാരിക വകുപ്പിന് കീഴിലെ ഭാരത് ഭവന്‍... തീരദേശത്തെ കലാകാരന്മാരെ മുഖ്യധാരയിലെത്തിക്കുക എന്നതായിരുന്നു ഏഴ് ജില്ലകളിലായി സംഘടിപ്പിച്ച പരിപാടിയുടെ ലക്ഷ്യം. ഇതില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രതിഫലമാണ് ഭാഗികമായി മുടങ്ങിയത്.
കോഴിക്കോട് ബേപ്പൂരില്‍ ഫെബ്രുവരിയില്‍ നടന്ന കടല്‍ മിഴിയില്‍ പങ്കെടുത്ത 375 പേര്‍ക്കുള്ള പ്രതിഫലത്തുക പൂര്‍ണമായി കുടിശ്ശികയാണ്. ഒരാള്‍ക്ക് നല്‍കേണ്ടത് 3000 രൂപ. കണ്ണൂരിലെ 120 ഓളം കലാകാരന്മാരുടെ പ്രതിഫലവും വൈകുകയാണ്.സാംസ്കാരിക വകുപ്പില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് തുക കുടിശ്ശികയാകാന്‍ കാരണമെന്നാണ് വിവരം... കോഴിക്കോടും കണ്ണൂരുമൊഴികെയുള്ള ജില്ലകളിലെ കലാകാരന്മാരുടെ പ്രതിഫലം കൊടുത്തെന്നും ബാക്കി ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും ഭാരത് ഭവന്‍ വ്യക്തമാക്കി.