പൊതുമുതൽ കൈയിട്ടുവാരുന്നത് ശീലം, കെ.ടി ജലീലിനെ നാട്ടുകാർ ഇനി ബണ്ടി ചോർ എന്ന് വിളിക്കും: പി.കെ ഫിറോസ്

'സത്യസന്ധത ജീവിതത്തിൽ അടുത്തുകൂടെ പോകാത്ത ഒരാളുടെ മുഖമാണ് വീണ്ടും വീണ്ടും വ്യക്തമാവുന്നത്'- പി.കെ ഫിറോസ് പറഞ്ഞു.

Update: 2025-10-08 10:31 GMT

Photo| Special Arrangement

മലപ്പുറം: അധ്യാപക പെൻഷൻ ആനുകൂല്യം സംഘടിപ്പിക്കാൻ പിൻവാതിൽ നീക്കം നടത്തിയ കെ.ടി ജലീൽ എംഎൽഎയ്ക്കെതിരെ യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പൊതുമുതൽ കൈയിട്ടുവാരുന്നത് ശീലമാക്കിയെന്നും മലപ്പുറം സുൽത്താൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കെ.ടി ജലീലിനെ നാട്ടുകാർ ഇനി ബണ്ടി ചോർ എന്ന് വിളിക്കുമെന്നും പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. മീഡിയവൺ വാർത്തയുടെ പോസ്റ്റർ പങ്കുവച്ചാണ് ഫിറോസിന്റെ വിമർശനം.

മത്സരിക്കാൻ വേണ്ടി ആദ്യം സർക്കാർ ജോലി രാജിവയ്ക്കുക. രാജി വച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം ആ സമയത്ത് കൈപ്പറ്റുക. മന്ത്രി, എംഎൽഎ എന്നീ വകയിൽ കിട്ടാനുള്ള പെൻഷനുകൾക്ക് പുറമെ അധ്യാപകനായ വകയിലുമുള്ള ഇരട്ട പെൻഷൻ ആനുകൂല്യങ്ങൾ കിട്ടാൻ രാജി കൊടുത്തത് പിന്നീട് വിടുതലാക്കാൻ അപേക്ഷിക്കുക, അതിനായി സർവീസ് ബുക്ക് തിരുത്താൻ ശ്രമിക്കുക- പൊതുമുതൽ കൈയിട്ട് വാരുന്നത് ഒരാൾ ശീലമാക്കിയാൽ നമ്മളെന്ത് ചെയ്യണം? അത്തരക്കാരെ കൈയോടെ പിടിക്കണം- പി.കെ ഫിറോസ് പറഞ്ഞു.

Advertising
Advertising

സത്യസന്ധത ജീവിതത്തിൽ അടുത്തുകൂടെ പോകാത്ത ഒരാളുടെ മുഖമാണ് വീണ്ടും വീണ്ടും വ്യക്തമാവുന്നത്. ഉടായിപ്പിന് കൈയും കാലും വച്ച ഒരാളാണ് ജലീലെന്നും പി.കെ ഫിറോസ് കൂട്ടിച്ചേർത്തു.

രാജിവെച്ചത് വിടുതലായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.ടി ജലീൽ സർക്കാരിനെ സമീപിച്ചത്. എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് 2021ൽ ജലീൽ ജോലിയിൽ നിന്നും രാജിവച്ചത്. നിലവിൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ രാജി ഒഴിവാക്കി വിടുതലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ സർക്കാരിനെ സമീപിച്ചത്. അനുകൂല സമീപനം സ്വീകരിച്ച കോളജ് മാനേജർ സർവീസ് ബുക്ക് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ചു.

സർവീസ് ബുക്ക് തിരുത്തി പെൻഷൻ വാങ്ങാനുള്ള ജലീലിന്‍റെ ശ്രമത്തിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. പെൻഷൻ വാങ്ങാൻ ശ്രമിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്ന പരാതിയിൽ, ജലീലിനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെടുന്നു. സര്‍വീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറിക്കും യൂത്ത് ലീ​ഗ് പരാതി നൽകിയിട്ടുണ്ട്.

1994 നവംബർ 16 മുതൽ 2006 മെയ് 31വരെ ജലീൽ തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ അധ്യാപകനായിരുന്ന ജലീൽ 2006ൽ ലീവെടുത്താണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നുന്നത്. 2006ൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചു. 2011ൽ തവനൂർ മണ്ഡലമായപ്പോൾ വി.വി പ്രകാശിനെതിരെയും മത്സരിച്ചു. 2016ൽ തവനൂരിൽ ഇഫ്തിഖാറുദ്ദീനായിരുന്നു എതിരാളി. 2016 മെയ്‌ അഞ്ചിന് കെ.ടി. ജലീൽ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായി.

തദ്ദേശ സ്വയംഭരണം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2021ൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതോടെ മാർച്ച് 12ന് ജോലിയിൽനിന്ന് രാജിവയ്ക്കുന്നതായി കാണിച്ച് കത്ത് നൽകി. ഇത് മാനേജർ സ്വീകരിക്കുകയും തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. 2024 ആഗസ്റ്റ് 13ന് പിഎഫിലേതുൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്തു. എന്നാൽ, അന്ന് നൽകിയ രാജി റിലീവാക്കണമെന്നാവശ്യപ്പെട്ട് 2024 നവംബർ 14ന് കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകി. സർവീസ് ബുക്കിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് സർവീസ് ബുക്ക് കൈമാറിക്കുകയായിരുന്നുവെന്നാണ് വിവരം.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മത്സരിക്കാൻ വേണ്ടി ആദ്യം സർക്കാർ ജോലി രാജി വെക്കുക. രാജി വെച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം ആ സമയത്ത് കൈപ്പറ്റുക. മന്ത്രി, എം.എൽ.എ എന്നീ വകയിൽ കിട്ടാനുള്ള പെൻഷനുകൾക്ക് പുറമെ, അധ്യാപകനായ വകയിലുമുള്ള ഇരട്ട പെൻഷൻ ആനുകൂല്യങ്ങൾ കിട്ടാൻ രാജി കൊടുത്തത് പിന്നീട് വിടുതലാക്കാൻ അപേക്ഷിക്കുക. അതിനായി സർവീസ് ബുക്ക് തിരുത്താനും ശ്രമിക്കുക.

പൊതുമുതൽ കയ്യിട്ട് വാരുന്നത് ഒരാൾ ശീലമാക്കിയാൽ നമ്മളെന്ത് ചെയ്യണം? അത്തരക്കാരെ കയ്യോടെ പിടിക്കണം. അപ്പോഴോ?! ചില പോക്കറ്റടിക്കാർ ചെയ്യുന്നത് പോലെ അവർ വായിൽ ബ്ലേഡ് കഷ്‌ണങ്ങൾ സൂക്ഷിക്കും. പിടിക്കാൻ വരുന്നവരുടെ മുഖത്തേക്ക് തുപ്പും. നമ്മളറിയാതെ മുഖം തുടക്കും. മുറിവും പറ്റും. പക്ഷേ കാര്യമാക്കരുത്.

സത്യസന്ധത ജീവിതത്തിൽ അടുത്ത് കൂടെ പോകാത്ത ഒരാളുടെ മുഖമാണ് വീണ്ടും വീണ്ടും വ്യക്തമാവുന്നത്. ഉടായിപ്പിന് കയ്യും കാലും വെച്ച ഒരാൾ. അയാൾ സ്വയം വിശേഷിപ്പിക്കുന്നത് മലപ്പുറം സുൽത്താൻ എന്നാണ്. നാട്ടുകാർ അയാളെ ഇനി മുതൽ മലപ്പുറം ബണ്ടി ചോർ എന്നാണ് വിളിക്കുക. മലപ്പുറം ബണ്ടി ചോർ!


Full View



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News