ഫലസ്തീൻ ഐക്യദാർഢ്യം: കോൺഗ്രസ് റാലി കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നടത്താൻ അനുമതി

സ്ഥിരം വേദി ഒഴിവാക്കണമെന്നാണ് നേരത്തെ ആവശ്യപ്പെട്ടതെന്നു കലക്ടർ

Update: 2023-11-14 13:08 GMT
Advertising

കോഴിക്കോട്: കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നടത്താൻ കലക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അനുമതി. കഴിഞ്ഞ ദിവസം പറഞ്ഞ നിർദേശം കോൺഗ്രസ് അംഗീകരിച്ചുവെന്ന് കലക്ടർ അറിയിച്ചു. സ്ഥിരം വേദി ഒഴിവാക്കണമെന്നാണ് നേരത്തെ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 23 നാണ് കോഴിക്കോട് ബീച്ചിൽ കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്. തീരുമാനിച്ച ദിവസം കോഴിക്കോട് കടപ്പുറത്ത് തന്നെ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുമെന്ന് നേരത്തെ ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ പറഞ്ഞിരുന്നു. തർക്കം ഉണ്ടായ സാഹചര്യത്തിൽ ബീച്ച് ആശുപത്രിക്ക് മുൻപിലേക്ക് വേദി മാറ്റാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് ബീച്ചിൽ കോൺഗ്രസ് നടത്താൻ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. നവകേരള സദസ് നടക്കുന്നതിനാൽ അനുമതി നൽകാനാവില്ലെന്നാണ് കലക്ടർ അറിയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞിരുന്നു. 24,25,26 തീയതികളിലാണ് നവകേരള സദസ് കോഴിക്കോട്ട് നടക്കുന്നത്. നവകേരള സദസിന് വേണ്ടി ബീച്ചിൽ വേദി ഒരുക്കാനുണ്ട്. അത് ഒഴികെയുള്ള സ്ഥലം കോൺഗ്രസ് പരിപാടിക്ക് ഉപയോഗിക്കാം. അനുമതിയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും കലക്ടർ പറഞ്ഞിരുന്നു.

അതേസമയം, അനുമതി തന്നാലും ഇല്ലെങ്കിലും കോഴിക്കോട്ടെ കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. റാലി തടയുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. 24ന് പന്തൽ കെട്ടി സർക്കാറിന് 25ന് നവകേരള സദസ്സ് നടത്തിക്കൂടെയെന്നും സുധാകരൻ ചോദിച്ചു. പരിപാടിയിലേക്ക് ശശി തരൂർ അടക്കം എല്ലാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീൻ ഐക്യദാർഢ്യ റാലി നേരത്തെ തീരുമാനിച്ച പ്രകാരം ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് തന്നെ നടത്തുമെന്ന് എം.കെ രാഘവൻ എം.പിയും നേരത്തെ വ്യക്തമാക്കിയിരുന്നു. റാലിയിൽ ശശി തരൂർ പങ്കെടുക്കുമെന്നും എം.കെ രാഘവൻ പറഞ്ഞു. മുസ്ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ ഹമാസിനെതിരെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതോടെ കോൺഗ്രസ് റാലിയിൽ അദ്ദേഹമുണ്ടാവുമോ എന്നത് ചർച്ചയായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് തരൂർ പങ്കെടുക്കുമെന്ന് എം.കെ രാഘവൻ വ്യക്തമാക്കിയത്. തരൂരിന്റെ പ്രസ്താവനയിൽ നിലപാട് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റാണെന്നും രാഘവൻ പറഞ്ഞു.

എന്നാൽ നവ കേരള സദസ്സിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റെ ഭാഗത്തു നിന്നുള്ളതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ കുറ്റപ്പെടുത്തി. നവകേരള സദസ്സ് നേരത്തെ തീരുമാനിച്ചതാണ്. പരിപാടിയിൽ പങ്കെടുക്കരുതെന്നു പറഞ്ഞ് കോൺഗ്രസ് സർക്കാർ ഉദ്യോഗസ്ഥരെയടക്കം ഭീഷണിപ്പെടുത്തുന്നുവെന്നും പി മോഹനൻ ആരോപിച്ചു. അതേസമയം, കോഴിക്കോട് ബീച്ചിൽ ആദ്യം പരിപാടി നിശ്ചയിച്ചത് കോൺഗ്രസാണെന്ന് വിഡി സതീശൻ അവകാശപ്പെട്ടു.

Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News