ഗവർണറുടെ നീക്കത്തിനെതിരെ വി.സിമാരുടെ ഹരജി: ഹൈക്കോടതിയിൽ സ്‌പെഷ്യൽ സിറ്റിംഗ്

11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം വി.സിമാർ തള്ളി

Update: 2022-10-24 06:57 GMT
Editor : afsal137 | By : Web Desk
Advertising

കൊച്ചി: രാജിവയ്ക്കണമെന്ന ഗവർണറുടെ ആവശ്യം ചോദ്യം ചെയ്ത് വി.സിമാർ ഹൈക്കോടതിയെ സമീപിച്ചു. വി.സിമാരുടെ ഹരജിയിൽ വൈകീട്ട് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി പരിഗണിക്കും. അവധി ദിവസമായിട്ടും വി.സിമാർ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സിമാർ. അതേസമയം 11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം വി.സിമാർ തള്ളി. ഇതുവരെ ഒരു സർവകലാശാല വി.സിമാരും രാജിവെച്ചില്ല. എറണാകുളം ഗസ്റ്റ് ഹൗസിൽ വി.സിമാരുടെ അടിയന്തര യോഗം ചേർന്നു. വി.സിമാർ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇതിനായി കേരള, കണ്ണൂർ, കാലിക്കറ്റ് മലയാളം സർവകലാശാലയിലെ വി.സിമാർ കൊച്ചിയിൽ എത്തി. ഇവരുടെ സ്റ്റാൻഡിങ് കൗൺസിലർമാരെല്ലാം കൊച്ചിയിലാണുള്ളത്.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വി.സിമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നിയമനാധികാരി ഗവർണറാണെന്നിരിക്കെ വി.സി നിയമനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസിമാരാണോയെന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നീതിയും നിയമവും നിഷ്‌കർഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണർ മറക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.സിമാർ രാജിവെച്ചില്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി പുറത്താക്കുമെന്ന് രാജ്ഭവൻ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News