Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടർമാരുടെ പ്രതിഷേധം. ജോലിഭാരം കുറക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഹൗസ് സർജന്മാരുടെ ഒഴിവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം മീഡിയവൺ വാർത്ത പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് ജോലിഭാരം കൂടിയതിൽ നേഴ്സ് അസോസിയേഷൻ അടക്കമുള്ള ആളുകൾ സമരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെയാണ് പിജി ഡോക്ടർമാരും എംബിബിഎസ് വിദ്യാർഥികളും സമരത്തിലേക്ക് കടന്നിരിക്കുന്നത്.
ജോലിഭാരം കുറച്ചുകൊണ്ട് ഇതിനൊരു പരിഹാരം കാണാൻ മാർച്ച് മുതൽ ആരോഗ്യ വകുപ്പുമായും ഡിഎംഎയുമായി ബന്ധപ്പെട്ട് പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 125 എൻഎജെആർ (നോൺ-അക്കാദമിക് ജൂനിയർ റെസിഡന്റ്സ്) പോസ്റ്റുകൾ സർക്കാർ ചെയ്തിരുന്നു. എന്നാൽ ഹൗസ് സർജൻമാർ കയറുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.
തിരുവനന്തപുരത്തും കോട്ടയത്തും 50 ഉം 40 ഉം ആളുകൾ കയറുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ 15-ൽ താഴെ ആളുകൾ മാത്രമാണ് എൻഎജെആർ ആയിട്ട് കയറിയിട്ടുള്ളത്. ഇങ്ങനെ വരുന്ന ജോലിഭാരം തങ്ങളെ കൊണ്ട് തന്നെ നികത്തുന്നതിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും സമരക്കാർ കൂട്ടിച്ചേർത്തു.