Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികരുടെ ചിത്രം രാജ്ഭവനില്‍ സ്ഥാപിച്ചതിൽ ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധം തുടരുന്നു. കേരള സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഗാന്ധി, അംബേദ്ക്കര്‍ എന്നിവരുടെ ചിത്രമുയര്‍ത്തി എസ്എഫ്ഐ പ്രതിഷേധിച്ചു.
ഭാരതാംബയുടെ ചിത്രത്തിനൊപ്പം ആർഎസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗേവാറുടെയും രണ്ടാം സര്‍സംഘ് ചാലക് എംഎസ് ഗോള്‍വാര്‍ക്കറുടെയും ചിത്രം കൂടി രാജ്ഭവനിലെ അതിഥി സ്വീകരണ മുറിയില്‍ സ്ഥാപിച്ചതാണ് വിവാദമായത്. കഴിഞ്ഞ ദിവസം രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് കേരള സര്‍വ്വകലാശാലയിലെ എസ്എഫ്ഐയുടെ പ്രതിഷേധം.
ഞങ്ങള്‍ക്ക് ചാന്‍സിലറെയാണ് വേണ്ടത് ഗാന്ധിയെ കൊന്ന സവര്‍ക്കറെയല്ല എന്ന ബാനര്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഇതിന് പകരമായി ഗാന്ധിയുടെയും അംബേദ്ക്കറുടെയും ചിത്രം സര്‍വ്വകലാശാല കവാടത്തില്‍ എസ്എഫ്ഐ കെട്ടി. ഗവര്‍ണര്‍ വരുന്നതിന് തൊട്ട് മുന്പ് ഇത് പോലീസ് അഴിച്ചു മാറ്റി. ഗവര്‍ണര്‍ എത്തിയോപ്പോഴേക്കും ഈ ചിത്രങ്ങള്‍ ഉയര്‍ത്തിയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം.