കെ റെയിലായാലും ശ്രീധരന്‍റേതായാലും കേരളത്തിന് ഒരു അതിവേഗ ട്രെയിന്‍ വേണം: എം.വി ഗോവിന്ദന്‍

കെ റെയില്‍ വേണ്ടെന്ന് വെച്ചത് കേന്ദ്രം സമ്മതിക്കാത്തതിനാലെന്നും അതില്‍ രാഷ്ട്രീയമുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു

Update: 2026-01-30 12:51 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന് അതിവേഗ റെയില്‍ ഏതായാലും മതിയെന്ന് സിപിഎം. കെ റെയില്‍ ആയാലും ആര്‍ആര്‍ടിഎസ് ആയാലും ശ്രീധരന്റേതായാലും അതിവേഗ റെയില്‍പാത വന്നാല്‍ മതി. കെ റെയില്‍ വേണ്ടെന്ന് വെച്ചത് കേന്ദ്രം സമ്മതിക്കാത്തതിനാലെന്നും അതില്‍ രാഷ്ട്രീയമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കാത്തതിനാലാണ് കെ റെയില്‍ വേണ്ടെന്ന് വെച്ചത്. അതിനകത്ത് രാഷ്ട്രീയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയെ കണ്ടപ്പോള്‍ അവര്‍ക്ക് അറിയില്ലെന്നാണ് പറഞ്ഞത്. കേരളത്തിന്റെ കെ റെയില്‍ വേണ്ട, ശ്രീധരന്റെ അതിവേഗ പാത മതിയെന്നാണ് സതീശന്‍ പറയുന്നത്. ഇതാണ് ഇരട്ടത്താപ്പെന്ന് പറയുന്നത്. ശ്രീധരന്‍റേതാണെങ്കിലും അത് നടക്കട്ടെ. നമുക്ക് അതിവേഗത്തിലുള്ള റെയില്‍പാത വേണമെന്നേയുള്ളൂ'. ഗോവിന്ദന്‍ പറഞ്ഞു.

Advertising
Advertising

'നല്ല ആത്മവിശ്വാസത്തോടെയാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. അച്ഛനെയും അമ്മയേയും കൊന്ന പ്രതിയോട് അവസാനമായി എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിക്കും. എനിക്ക് ആരുമില്ല, എന്നെ വെറുതെ വിടണമെന്ന് പ്രതി പറയുന്നത് പോലെയുള്ള അവസ്ഥയാണ് സതീശന്റേത്'. ഗോവിന്ദന്‍ പരിഹസിച്ചു.

'സ്പ്രിന്‍ക്ലറിലെ കോടതിവിധിയില്‍ ചെന്നിത്തലയ്ക്കും സതീശനും സുരേന്ദ്രനും കിട്ടേണ്ടത് കിട്ടിയിട്ടുണ്ട്. അവരാണ് കേസ് കൊടുത്തിരുന്നത്. മൂന്ന് പേരും മാപ്പ് പറയണം. ആളുകളെ വഞ്ചിക്കുന്നതിന് ഒരു അതിര് വേണ്ടേ. വിധി വന്നപ്പോള്‍ ആ ഗൗരവത്തോടെ വാര്‍ത്ത കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും വീഴ്ച പറ്റിയിട്ടുണ്ട്'.

'എസ്‌ഐആറില്‍ സ്വകാര്യതയില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിക്കുന്നില്ല. പലപ്പോഴും സുതാര്യമായല്ല കാര്യങ്ങള്‍ നടക്കുന്നത്. ബന്ധപ്പെട്ട കൃത്യമായ ലിസ്റ്റുകള്‍ ബിഎല്‍ഒമാര്‍ക്ക് കൈമാറണം. അതിന് ശേഷം അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണം.'

'ഞങ്ങള് തന്നെയല്ലെ ഇനിയും വരാന്‍ പോകുന്നത്. ബജറ്റിലെ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ നടപ്പാക്കും. അമിത ആത്മവിശ്വാസമല്ല, തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്'. അദ്ദേഹം വ്യക്തമാക്കി.

'സംസ്ഥാന ബജറ്റാണ് ലോകമൊന്നടങ്കമുള്ള മലയാളികളുടെ ചര്‍ച്ചാ വിഷയം. നവകേരള നിര്‍മിതിക്ക് ഉതകുന്നതാണ് സര്‍ക്കാരിന്റെ ബജറ്റ്. കേന്ദ്ര അവഗണന മറികടന്ന് മുന്നേറുമെന്നതിന്റെ സാക്ഷ്യപത്രമാണ് ബജറ്റ്. ലോകം മുഴുവന്‍ മുതലാളിത്ത പാതയില്‍ സഞ്ചരിക്കുമ്പോഴാണ് എല്ലാ വിഭാഗത്തെയും എല്‍ഡിഎഫ് ചേര്‍ത്തുപിടിക്കുന്നത്. കേന്ദ്രം എഴുതിത്തള്ളാന്‍ മടിച്ച ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യപഠനവും ഉറപ്പാക്കി. ഇതെല്ലാം ചര്‍ച്ച ചെയ്യാനുള്ള ത്രാണി പ്രതിപക്ഷത്തിനില്ല. പ്രായോഗികമല്ലെന്ന ഒറ്റക്കാര്യമാണ് പ്രതിപക്ഷത്തിന് പറയാനുള്ളത്. ബജറ്റ് ചര്‍ച്ച ചെയ്താല്‍ വികസന ചര്‍ച്ചുയുണ്ടാകുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്'. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News