മന്ത്രിമാര്‍ ആരെല്ലാം? ചര്‍ച്ച ഇന്ന് തുടങ്ങും

മന്ത്രിസഭയില്‍ പുതുമുഖങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Update: 2021-05-04 01:26 GMT
Advertising

പുതിയ മന്ത്രിസഭയിലേക്കുള്ള സിപിഎം അംഗങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് സത്യപ്രതിജ്ഞാ തിയ്യതി അടക്കം തീരുമാനിക്കും. സ്ഥാനാര്‍ഥി പട്ടിക പോലെ മന്ത്രിസഭയിലും പുതുമുഖങ്ങളുണ്ടായേക്കും. സത്യപ്രതിജ്ഞ ഉടനുണ്ടാകാന്‍ സാധ്യതയില്ല.

തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സത്യപ്രതിജ്ഞാ തിയ്യതി സംബന്ധിച്ചും പുതിയ മന്ത്രിമാര്‍ സംബന്ധിച്ചും ഏകദേശ ധാരണയിലെത്തും. കെ കെ ശൈലജ, എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും. ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ടി ജലീല്‍ എന്നിവരുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. എ സി മൊയ്തീനേയും ആര്‍ ബിന്ദുവിനേയും പരിഗണിക്കുന്നുണ്ട്. പി നന്ദകുമാര്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്. എം ബി രാജേഷ് മന്ത്രിയായേക്കും. തിരുവനന്തപുരത്ത് നിന്ന് കടകംപള്ളി സുരേന്ദ്രനൊപ്പം വി ശിവന്‍കുട്ടി, വി കെ പ്രശാന്ത് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്. ആറന്‍മുള എംഎല്‍എ വീണ ജോര്‍ജിനെ മന്ത്രിസ്ഥാനത്തേക്കും സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നതായാണ് സൂചന. മന്ത്രിസഭയില്‍ പുതുമുഖങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് ഘടക കക്ഷികള്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകളും ഉടനുണ്ടാകും. സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം തന്നെ നല്‍കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വിട്ട് നല്‍കണമെന്ന ആവശ്യം സിപിഎം ഉന്നയിക്കുമെങ്കിലും സിപിഐ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു മന്ത്രിസ്ഥാനം നല്‍കാനേ സാധ്യയുള്ളൂ. ചീഫ് വിപ്പ് സ്ഥാനവും നല്‍കിയേക്കും. എന്‍സിപി, ജെഡിഎസ് എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും. ഒരു സീറ്റില്‍ മാത്രം ജയിച്ചവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News