'അയക്കാൻ പാടില്ലാത്ത കത്ത്'; ജലീലിനെ തള്ളി മുഖ്യമന്ത്രി

മാധ്യമം പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ.ടി ജലീൽ യുഎഇ കോൺസുൽ ജനറലിന് കത്തെഴുതിയെന്നായിരുന്നു സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്.

Update: 2022-07-26 15:51 GMT
Advertising

തിരുവനന്തപുരം: മാധ്യമം പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ കോൺസുൽ ജനറലിന് കത്തെഴുതിയ കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്ത് സംബന്ധിച്ച വാർത്തകൾ വന്നപ്പോഴാണ് അതിനെക്കുറിച്ച് അറിഞ്ഞത്. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ജലീലിനെ കണ്ടിട്ടില്ല. ഇനി നേരിട്ട് കാണുമ്പോൾ കത്തിനെക്കുറിച്ച് ചോദിക്കും. കഴിഞ്ഞ ദിവസം തന്നെ വന്നു കണ്ട 'മാധ്യമം' പത്രത്തിന്റെ പ്രതിനിധികളോടും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. മാധ്യമം ദിനപത്രം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായാണ് സ്വപ്ന വെളിപ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും ആരോപണമുണ്ട്.

യു.എ.ഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും സ്വപ്ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനമാണിത്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങൾക്കും ജലീൽ പദ്ധതിയിട്ടിരുന്നതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

ഇതിനെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനം വിളിച്ച ജലീൽ ആരോപണം ശരിവെക്കുകയായിരുന്നു. കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസികളുടെ ഫോട്ടോ വെച്ച് മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചർ തനിക്ക് വിഷമമുണ്ടാക്കിയതിനെ തുടർന്നാണ് കത്തെഴുതിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ മന്ത്രിയായിരുന്ന ജലീൽ സ്വകാര്യ ഇ മെയിൽ ഐഡിയിൽ അബ്ദുൽ ജലീൽ എന്ന പേരിലാണ് കത്തയച്ചത്. കോൺസുൽ ജനറലിന് മന്ത്രി നേരിട്ട് കത്തെഴുതുന്നത് പ്രോട്ടോക്കോൾ ലംഘനമല്ലേ എന്ന ചോദ്യത്തിന് പ്രോട്ടോക്കോൾ ലംഘിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു ജലീലിന്റെ മറുപടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News