മാരാമൺ കൺവെൻഷനിൽനിന്ന് വി.ഡി സതീശനെ ഒഴിവാക്കിയ നടപടി: അതൃപ്തി പ്രകടമാക്കി പി.ജെ കുര്യൻ

‘മെത്രാപ്പൊലീത്തയാണ് വി.ഡി സതീശനെ ഒഴിവാക്കി മറ്റൊരാളെ തെരഞ്ഞെടുത്തത്’

Update: 2025-01-26 02:12 GMT

പത്തനംതിട്ട: മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒഴിവാക്കിയതിൽ സഭക്കെതിരെ അതൃപ്തിപ്രകടമാക്കി പി.ജെ കുര്യൻ. പ്രതിപക്ഷ നേതാവിനെ വിളിച്ച് തീയതി ആവശ്യപ്പെട്ടശേഷം ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ല. താൻ ഇടപെട്ട് സതീശനെ ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണ്. വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും വി.ഡി സതീശനുമായി നല്ല ബന്ധമാണുള്ളതെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കിയെന്നും പി.ജെ കുര്യൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മാരാമണ്ണും പ്രതിപക്ഷനേതാവും

മാരാമൺ കൺവെൻഷനിലേക്ക് പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനെ ക്ഷണിച്ചിരുന്നുവെന്നും ഞാനിടപെട്ട് പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയെന്നും ചില ദൃശ്യമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. അതുസംബന്ധിച്ച് എന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ആദ്യമായി ഒരു വസ്തുത പറയട്ടെ. മാരാമൺ കൺവെൻഷൻ യോഗങ്ങളിൽ രാഷ്ട്രീയ നേതാക്കളെ ആരെയും ക്ഷണിക്കാറില്ല. രാഷ്ട്രീയ നേതാക്കളെയും മറ്റും ക്ഷണിക്കുന്നത് കൺവെൻഷനോട് ചേർന്ന അനുബന്ധയോഗങ്ങളിലാണ്. ശ്രീ ശശി തരൂരിനെ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹ്യ നേതാക്കളെ ക്ഷണിച്ചതും അനുബന്ധ യോഗങ്ങളിലാണ്.

Advertising
Advertising

ശ്രീ. വി. ഡി സതീശൻ എന്റെ ഉത്തമ സുഹൃത്താണ്. അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഞാൻ യുവജനസഖ്യം സെക്രട്ടറി ബഹു. ബിനോയ് അച്ചനുമായി ഫോണിൽ സംസാരിച്ചു. ശ്രീ വി ഡി സതീശനെ ഫോണിൽ വിളിച്ച് യുവ വേദിയുടെ മീറ്റിങ്ങിന് വേണ്ടി ഡേറ്റ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടത് അച്ച നാണെന്ന് പറഞ്ഞു. മെത്രാപ്പോലീത്തയുടെ അംഗീകാരത്തിനു വേണ്ടി കൊടുത്ത ലിസ്റ്റിൽ ശ്രീ. വി ഡി സതീശന്റെ പേര് മുകളിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ ലിസ്റ്റിൽ നിന്നും മെത്രാപ്പോലീത്താ അംഗീകരിച്ചത് മറ്റൊരു പേരാണ്. അത് മെത്രാപ്പോലീത്തയുടെ അധികാരത്തിൽപ്പെട്ട കാര്യമാണ്.

ഞാൻ മെത്രാപ്പൊലീത്ത തിരുമേനിയെ നേരിൽ കണ്ടു. ഈ കാര്യത്തിലുള്ള എന്റെ concern അറിയിച്ചു. ഈ കാര്യത്തിൽ ഒരു രാഷ്ട്രീയവുമില്ലെന്നും പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനോട് അദ്ദേഹത്തിന് നല്ല ബഹുമാനവും, ഹൃദ്യമായ ബന്ധവുമാണെന്നും തിരുമേനി പറഞ്ഞു.

എന്തായാലും ഒരു കാര്യം വ്യക്തമാക്കട്ടെ. ശ്രീ വി ഡി സതീശനോട് ഫോണിൽ വിളിച്ച് ഡേറ്റ് ബ്ലോക്ക് ചെയ്യിച്ചതിനുശേഷം അദ്ദേഹത്തെ ഒഴിവാക്കിയ നടപടിയോട് എനിക്ക് യോജിപ്പില്ല. ആ നടപടി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെയും അഭിപ്രായം. വസ്തുത അറിയാതെ ചിലരെങ്കിലും എന്നെ പഴിചാരുന്നതിൽ ഖേദമുണ്ട്. ഇത്തരം തെറ്റായ പല പഴിചാരലിനും നിർഭാഗ്യവശാൽ ഞാൻ വിധേയനാകുന്നുണ്ട്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News