'വാരിയംകുന്നത്തിനെ അവഹേളിച്ച ശശികലക്കെതിരെ ഈ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു?' - പി.കെ ഫിറോസ്

അമിത്ഷാക്ക് വള്ളംകളി കാണാനായി ചുവന്ന പരവതാനി വിരിക്കാൻ ഓടി നടക്കുന്ന പിണറായിയുടെ പൊലീസിന് ഇതിനൊക്കെ എവിടെയാണ് സമയമെന്നും ഫിറോസ് പരിഹസിച്ചു.

Update: 2022-09-01 13:10 GMT
Advertising

വാരിയംകുന്നത്ത് കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവഹേളിക്കുകയും വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ശശികലക്കെതിരെ പിണറായി സര്‍ക്കാര്‍ എന്ത് നടപടിയാണെടുത്തതെന്ന് മുസ്‍ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. അമിത്ഷാക്ക് വള്ളംകളി കാണാനായി പരവതാനി വിരിക്കാൻ ഓടി നടക്കുന്ന പിണറായിയുടെ പൊലീസിന് ഇതിനൊക്കെ എവിടെയാണ് സമയമെന്നും ഫിറോസ് പരിഹസിച്ചു.

മഹാത്മാ ഗാന്ധിയെ കൊന്നത് ഇന്ത്യയുടെ രക്ഷക്ക് വേണ്ടിയായിരുന്നെന്നും ഗോഡ്സേയുടെ പ്രവൃത്തി രാജ്യത്തിന് ഗുണകരമായിരുന്നെന്നും സവർക്കറുടെ സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കേരളത്തിൽ വന്ന് സംസാരിച്ചത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്, അയാള്‍ക്കെതിരെയും യാതൊരു നടപടിയും നാളിത് വരെ കേരള പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

Full View

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാൽ അത് തകർക്കാൻ ലോകത്തിലെ മുഴുവൻ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന ഭീഷണിയുമായി ആണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല നേരത്തെ രംഗത്തെത്തിയത്. 1921ലെ ഹിന്ദുവംശഹത്യക്ക് നേതൃത്വം നൽകിയവർക്ക് സ്മാരകം പണിയാനുള്ള നീക്കത്തിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിൻമാറമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ ഭീഷണി. ശശികലയുടെ പ്രസംഗത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

​മലപ്പുറം ജില്ലയിൽ 26 ശതമാനം മാത്രം വരുന്ന ഹിന്ദുക്കൾ ശത്രുക്കളാണോ എന്നും ശശികല ചോദിച്ചു. ഇതിനു മറുപടി പറയേണ്ടത് പോപ്പുലർ ഫ്രണ്ടുകാരനോ സുഡാപ്പിക്കാരനോ ഐ.എസുകാരനോ അല്ലാ പാണക്കാട് തങ്ങളടക്കമുള്ള മതനേതൃത്വമാണെന്നും ശശികല പറഞ്ഞു

പി.കെ ഫിറോസിന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സ്വാതന്ത്ര്യ സമര സേനാനിയും രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിക്കുകയും ചെയ്ത വാരിയൻകുന്നത്തിനെ അവഹേളിക്കുകയും വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ശശികല ടീച്ചർക്കെതിരെ എന്ത് നടപടിയാണ് പിണറായി സർക്കാരിന്‍റെ പൊലീസ് എടുത്തത് എന്നറിയാൻ താൽപ്പര്യമുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്നത് ഇന്ത്യയുടെ രക്ഷക്ക് വേണ്ടിയായിരുന്നു എന്നും ഗോഡ്സേയുടെ പ്രവൃത്തി രാജ്യത്തിന് ഗുണകരമായിരുന്നു എന്നും സവർക്കറുടെ സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കേരളത്തിൽ വന്ന് സംസാരിച്ചത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. മുന്നാകുമാർ ശർമ്മ എന്ന ആ സാമദ്രോഹിക്കെതിരെയും യാതൊരു നടപടിയും നാളിത് വരെ കേരള പോലീസ് സ്വീകരിച്ചിട്ടില്ല.

ബിൽക്കീസ് ബാനുവിനെയും കുടുംബത്തെയും പിച്ചിച്ചീന്തിയ നരഭോജികളെ വെറുതെ വിട്ട ഗുജറാത്തിന്റെ പ്രതിനിധി അമിത്ഷാക്ക് വള്ളംകളി കാണാനായി ചുവപ്പ് പരവതാനി വിരിക്കാൻ ഓടി നടക്കുന്ന പിണറായിയുടെ പോലീസിന് ഇതിനൊക്കെ എവിടുന്ന് സമയം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News