അരിയും മലരും മുദ്രാവാക്യം കേട്ടാണ് സാദിഖലി തങ്ങൾ ഇറങ്ങിയത്- പി.കെ കുഞ്ഞാലിക്കുട്ടി

''നമ്മൾ വിളിച്ച മുദ്രാവാക്യങ്ങളൊക്കെ അർത്ഥവത്തായിരുന്നു. സാമൂഹിക പരിവർത്തനത്തിനും സംവരണത്തിനും വിശ്വാസസംരക്ഷണത്തിനും മനുഷ്യപുരോഗതിക്കും വികസനത്തിനുമെല്ലാം വേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരുന്നു അത്.''

Update: 2022-06-23 14:53 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങൾ ഇറങ്ങിത്തിരിച്ചതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബാബരി തകർച്ചയുടെ കാലത്ത് മുഹമ്മദലി ശിഹാബ് തങ്ങൾ ചെയ്തതു പോലെയാണ് സാദിഖലി തങ്ങൾ ഇറങ്ങിയത്. അത്തരം സംഘടനകൾ വളർന്നാൽ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞ് കേരളത്തിലെ പൊതുസമൂഹം ഒപ്പംനിന്നെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ജില്ലാ സൗഹൃദ സംഗമങ്ങളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കേരളം റെയിൽ തെറ്റരുത് എന്നു തോന്നിയതുകൊണ്ടാണത്. അതിന് ഭീഷണിയുണ്ടായപ്പോഴാണ് ഇങ്ങനെയൊരു പരിപാടി നടന്നത്. നമ്മൾ വിളിച്ച മുദ്രാവാക്യങ്ങളൊക്കെ അർത്ഥവത്തായിരുന്നു. സാമൂഹിക പരിവർത്തനത്തിനും സംവരണത്തിനും വിശ്വാസസംരക്ഷണത്തിനും മനുഷ്യപുരോഗതിക്കും വികസനത്തിനുമെല്ലാം വേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരുന്നു അത്-കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു.

''ആലപ്പുഴയില്‍ കേട്ട അരിയും മലരും കുന്തിരിക്കവും കരുതിക്കോ എന്ന മുദ്രാവാക്യമല്ല അത്. എന്തൊരു നീചമായ മുദ്രാവാക്യമാണ്. എന്തൊരു അർത്ഥമില്ലാത്ത മുദ്രാവാക്യമാണ്. അത്തരം മുദ്രാവാക്യങ്ങൾ കേട്ടപ്പോഴാണ് ബാബരി മസ്ജിദിന്റെ തകർച്ചയ്ക്കു ശേഷം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഇറങ്ങിയ പോലെ സാദിഖലി ശിഹാബ് തങ്ങൾ ഇറങ്ങിയത്. ബാബരി മസ്ജിദിന്റെ വിഷയത്തിൽ എത്ര കല്ലേറുകൊണ്ടു? എന്തെല്ലാം പഴിയും ആക്ഷേപങ്ങളും കേട്ടു? ഈ അരിയും മലരും മുദ്രാവാക്യം വിളിച്ചപോലെ ജനങ്ങളെ മുഴുവൻ ആവേശം കൊള്ളിച്ചുകൊണ്ട്, നിലത്ത് നിൽക്കാൻ ജനങ്ങളെ അനുവദിക്കാത്ത തരത്തിലുള്ള പ്രസംഗങ്ങൾ നടന്നു. അപ്പോഴും തങ്ങൾ പറഞ്ഞു, അത്തരം മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന്. അത്തരം വർത്തമാനങ്ങൾ പറഞ്ഞാൽ നാട് നശിക്കും.''

അന്ന് തങ്ങൾ ഇറങ്ങി. തങ്ങളുടെ കൂടെയുണ്ടായിരുന്ന യുവജനങ്ങൾ ഇറങ്ങി. കേരളം വേറെ വഴിക്കുപോകാൻ പോകുന്നു എന്നു തോന്നിയപ്പോൾ കാംപയിൻ ചെയ്തു. ആദ്യമൊക്കെ ഞങ്ങൾക്ക് തിരിച്ചടിയുണ്ടായി. സമദാനി ഗുരുവായൂരിൽ തോറ്റുപോയി. പിന്നീട് വൻ ജയം ജയിച്ചുമുന്നേറി നമ്മൾ.

Full View

കേരളത്തിലെ മുഖ്യമന്ത്രിയെ തിരൂരങ്ങാടിയിൽ കൊണ്ടുവന്നു ഒരൊറ്റ കൃസ്ത്യൻ വോട്ടുമില്ലാത്തിടത്ത് ആന്റണിയെ നഹാ സാഹിബിനു പോലും കിട്ടാത്ത ഭൂരിപക്ഷത്തിനു വിജയിപ്പിക്കാൻ നമ്മൾക്ക് കഴിഞ്ഞു. അന്ന് ശിഹാബ് തങ്ങൾ ഇറങ്ങിയ പോലെയാണ് ഇപ്പോൾ ഇത്തരം മുദ്രാവാക്യങ്ങൾ കേട്ടപ്പോൾ സാദിഖലി ശിഹാബ് തങ്ങൾ ഇറങ്ങിയത്. ഇത് ലീഗിനും പാണക്കാട് തങ്ങൾമാർക്കും മാത്രം കഴിയുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News