പികെ വാര്യര്‍; 'അടുക്കള'യില്‍ തുടങ്ങി ആയുര്‍വേദത്തെ ലോക നെറുകയില്‍ എത്തിച്ച അതികായന്‍

അദ്ദേഹത്തിന്‍റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, ‘വലുതായി തുടങ്ങിയിട്ടു ചെറുതായിക്കൂടാ, ചെറുതായി തുടങ്ങിയിട്ടു വലുതാവാം’ ആര്യവൈദ്യശാലയുടെ കാര്യത്തിലും പി.കെ.വാരിയരുടെ കാര്യത്തിലും ഇതു ശരിയാണെന്നു കാണാം.

Update: 2021-07-10 08:16 GMT
Editor : Roshin | By : Roshin Raghavan
Advertising

കേരളത്തിന്‍റെ ആയുര്‍വേദ സംസ്കൃതിയെ ലോക നെറുകയില്‍ എത്തിച്ച അതികായന്‍. ഡോ. പികെ വാര്യര്‍. ആയൂര്‍വേദത്തിന്‍റെ കര്‍മ്മവഴികളില്‍ കാഴ്ചവെച്ച സമര്‍പ്പണവും ദീര്‍ഘവീക്ഷണവും അദ്ദേഹത്തെ അതിന് സഹായിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ശതപൂര്‍ണിമ ആഘോഷിച്ച വൈദ്യകുലപതി ഇന്ന് ലോകത്തെ വിട്ടുപിരിഞ്ഞിരിക്കുന്നു. ആരായിരുന്നു പികെ വാര്യരെന്ന് താന്‍ പിന്നിട്ട 100 വര്‍ഷങ്ങളില്‍ കാലത്തിന്‍റെ മായാത്ത വാക്കുകള്‍കൊണ്ട് അദ്ദേഹം അടയാളപ്പെടുത്തിയിരുന്നു.

1921ൽ തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറു മക്കളിൽ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ.വാരിയരുടെ ജനനം. സംഭവബഹുലമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയ അദ്ദേഹം ആദ്യം ഒരു എഞ്ചിനിയര്‍ ആവണമെന്നാണ് ആഗ്രഹിച്ചത്. എങ്കിലും കുടുംബ പാരമ്പര്യം അദ്ദേഹത്തെ വൈദ്യരംഗത്തേക്ക് നയിച്ചു.

വലിയമ്മാവൻ വൈദ്യരത്നം പി.എസ്.വാരിയരിൽ നിന്നു തുടങ്ങിയ ആയുർവേദ പാതയിലൂടെയുള്ള നടത്തം പക്ഷേ, അധികം നീണ്ടില്ല. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരാവേശത്തിൽ പഠനമുപേക്ഷിച്ചു. വീടുവിട്ട് വിപ്ലവകാരിയായി. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു പിന്നീട് കുറെക്കാലം. ഒളിവിലുള്ള നേതാക്കൾക്കു രഹസ്യസന്ദേശമെത്തിക്കലും ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണവുമായിരുന്നു അന്നത്തെ പ്രധാന പണി. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാക്കളെയെല്ലാം പരിചയപ്പെടുന്നതും ഹൃദയബന്ധം സ്ഥാപിക്കുന്നതും ഇക്കാലത്താണ്.

കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് വിശ്വാസ്യതയുടെ ബ്രാന്‍റ് വാല്യു നല്‍കിയത് പികെ വാര്യരുടെ കഠിനാധ്വാനമായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, 'വലുതായി തുടങ്ങിയിട്ടു ചെറുതായിക്കൂടാ, ചെറുതായി തുടങ്ങിയിട്ടു വലുതാവാം' ആര്യവൈദ്യശാലയുടെ കാര്യത്തിലും പി.കെ.വാരിയരുടെ കാര്യത്തിലും ഇതു ശരിയാണെന്നു കാണാം.

1947ൽ 'അടുക്കള' എന്നു പേരുള്ള ആര്യവൈദ്യശാലാ ഫാക്ടറിയുടെ മാനേജരായാണ് പി.കെ.വാരിയർ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഡിഎ ഉൾപ്പെടെ 112.50 രൂപയായിരുന്നു മാസ ശമ്പളം. മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം.വാരിയർ വിമാന അപകടത്തിൽ മരിച്ചതിനെത്തുടർന്ന് 1953ൽ‌ പി.കെ.വാരിയർക്ക് ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്നു. പിന്നീടങ്ങോട്ടുള്ള ചരിത്രം പി.കെ.വാരിയരുടേതു മാത്രമല്ല കോട്ടയ്ക്കൽ എന്ന നാടിന്റെ വികസനത്തിന്റേതുകൂടിയാണ്. അലോപ്പതി രംഗത്ത് കർണാടകയിലെ മണിപ്പാലിന് മലബാറിൽനിന്നുള്ള ആയുർവേദ മറുപടിയായി കോട്ടയ്ക്കലിനെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹം, പിന്നീട്. ലോകത്തിന്റെ ആരോഗ്യഭൂപടത്തിൽ ഇന്ന് ഏറ്റവുമധികം ആളുകൾ തിരയുന്ന പേരായി കോട്ടയ്ക്കൽ മാറിക്കഴിഞ്ഞു.

ഏഴു പതിറ്റാണ്ടിലേറെക്കാലമായി ആയുർവേദരംഗത്ത് പ്രവർത്തിച്ച പി.കെ.വാരിയരുടെ പേര് കണ്ണൂർ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം ഔഷധസസ്യത്തിനു നൽകിയിട്ടുണ്ട്. ജിംനോസ്റ്റാക്കിയം വാരിയറാനം (Gymnostachyum warrieranum) എന്ന പേരിലുള്ള ഈ ചെടി ഇപ്പോൾ ആര്യവൈദ്യശാലയിലെ ഔഷധസസ്യവിഭാഗത്തിൽ പരിപാലിക്കപ്പെടുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്കു കീഴിലുള്ള ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ ഡോ.പ്രഭുകുമാറിന്റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. പികെ വാര്യര്‍ എന്ന അതികായന്‍റെ ജീവിതകഥ ഇനിയും തുടരും, അദ്ദേഹം പടുത്തുയര്‍ത്തിയ ആയൂര്‍വേദ പാരമ്പര്യത്തിലൂടെ

Tags:    

Editor - Roshin

contributor

By - Roshin Raghavan

contributor

Similar News