പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കണം; എ പ്ലസ് കിട്ടയവര്‍ക്കു പോലും ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ ലഭിക്കുന്നില്ലെന്ന് വി.ഡി സതീശന്‍

ഫസ്റ്റ് അലോട്ട്‌മെന്റും സെക്കന്‍ഡ് അലോട്ട്‌മെന്റും കഴിഞ്ഞാല്‍ ആകാശത്ത് നിന്ന് സീറ്റ് കൊണ്ടുവരുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Update: 2021-08-03 10:04 GMT

സംസ്ഥാനത്ത് പ്ലസ് വണ്‍ ബാച്ചുകളുടെ എണ്ണം അടിയന്തിരമായി വര്‍ധിപ്പിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആകെ പ്ലസ് വണ്‍ സീറ്റുകളും ഉന്നതപഠനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കു പോലും ഇഷ്ടപ്പെട്ട കോഴ്‌സുകളില്‍ ചേരാനാകാത്ത സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശന്‍.

Advertising
Advertising

രക്ഷകര്‍ത്താക്കളുടെയും കുട്ടികളുടെയും ഉത്കണ്ഠയാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് കുട്ടികള്‍ക്കാണ് ഇഷ്ടപ്പെട്ട കോഴ്‌സിനു ചേരാന്‍ കഴിയാതെ പോയത്. സംസ്ഥാനം ഒന്നാകെ പരിഗണിക്കാതെ ഓരോ ജില്ലകളിലെയും സ്ഥിതി സര്‍ക്കാര്‍ പരിശോധിക്കണം. 4,19000ത്തിലധികം കുട്ടികളാണ് ഇത്തവണ ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. എന്നാല്‍ നിലവില്‍ 3,61000 സീറ്റുകണുള്ളത്. ഇതില്‍ അണ്‍ എയിഡഡ് സ്‌കൂളുകളിലാണ് 5,5000ത്തോളം സീറ്റുകളുള്ളത്. ഒന്‍പതു ജില്ലകളില്‍ നിലവില്‍ പാസായ കുട്ടികളുടെ എണ്ണത്തേക്കാള്‍ കുറവാണ് പ്ലസ് വണ്‍ സീറ്റുകള്‍. ഇതില്‍ത്തന്നെ പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഈ വ്യത്യാസം വളരെ വലുതാണ്. 

1,12000 കുട്ടികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയത്. അവര്‍ക്ക് പോലും ഇഷ്ടപ്പെട്ട കേഴ്‌സ് ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ കൂടി പ്രവേശനത്തിന് എത്തുമ്പോള്‍ സ്ഥിതി ഗുരുതരമാകും. മലബാര്‍ മേഖലയിലെ ജില്ലകളില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അത് നിയമപരമായി നിലനില്‍ക്കില്ല. ഒരു ക്ലാസില്‍ 50 കുട്ടികളെ മാത്രമെ പ്രവേശിപ്പാന്‍ സാധിക്കൂവെന്നാണ് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ഉത്തരവിട്ടത്. പകരം സംവിധാനം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. പുതിയ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് ഏക പരിഹാരം.

സര്‍ക്കാര്‍ നിലപാട് അനുസരിച്ച് പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സാധിക്കാത്ത സാഹചര്യം സംസ്ഥാനത്തുണ്ട്. ഫസ്റ്റ് അലോട്ട്‌മെന്റും സെക്കന്‍ഡ് അലോട്ട്‌മെന്റും കഴിഞ്ഞാല്‍ ആകാശത്ത് നിന്നും നിങ്ങള്‍ സീറ്റ് കൊണ്ടുവരുമോ? ഏത് സ്‌കൂളിലാണ് നിങ്ങള്‍ സീറ്റ് കൂട്ടുന്നത്? - പ്രതിപക്ഷ നേതാവ് ചോദിച്ചു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News