മലബാറിലെ പ്ലസ്ടു സീറ്റ് പ്രതിസന്ധി: ബാച്ച് അനുവദിക്കലാണ് പരിഹാരം -ഐ.എസ്.എം

‘ക്ലാസ് മുറികൾക്ക് ഉൾകൊള്ളാനാവാത്ത വിധമുള്ള സീറ്റ് വർധന അപഹാസ്യം’

Update: 2024-05-26 16:56 GMT
Advertising

കോഴിക്കോട്: മലബാറിൽ ഹയർ സെക്കണ്ടറിക്ക് ആവശ്യത്തിന് സീറ്റില്ലാത്ത പ്രശ്നത്തിന് പരിഹാരം ബാച്ച് അനുവദിക്കലാണെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരോ വർഷവും എസ്.എസ്.എൽ.സി ഫല പ്രഖ്യാപനത്തോടെ കോലഹലങ്ങൾ ആരംഭിക്കും. സീറ്റ് വർദ്ധനവ് എന്ന തികച്ചും അശാസ്ത്രീയമായ പരിഹാരം നൽകി പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടുകയാണ് സാധാരണയായി അധികാരികളുടെ കലാപരിപാടി.

വിവിധങ്ങളായ സാമൂഹ്യ അളവുകോലുകൾ പരിശോധിച്ചും പരിഗണിച്ചും പരിഹരിക്കേണ്ട പ്രശ്നമാണ് യഥാർഥത്തിൽ മലബാറിലെ സീറ്റ് പ്രശ്നം. മേഖലയിലെ പ്രധാന മത വിഭാഗമായ മുസ്‌ലിംകളുടെ ക്രമാനുഗത വിദ്യാഭ്യാസ വികാസത്തിൻ്റെ പരിണിത ഫലമായ വർദ്ധിച്ച വിജയശതമാനത്തെ നിർമാണാത്മകമായി ഉപയോഗിക്കുകയാണ് സർക്കാറിൻ്റെ ഉത്തരവാദിത്വം.

പഠിക്കാൻ ചുരുങ്ങിയ കുട്ടികൾ പോലുമില്ലാതെ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളുകളും ബാച്ചുകളും കേരളത്തിൻ്റെ തെക്കൻ മേഖലയിൽ പ്രവർത്തിച്ച് വരുമ്പോഴാണ് പഠിക്കാൻ അടിസ്ഥാന സൗകര്യങ്ങളില്ലാതെ മലബാറിലെ വിദ്യാർഥികൾ പ്രയാസപ്പെടുന്നത്. ക്ലാസ് മുറികൾക്ക് ഉൾകൊള്ളാനാവാത്ത വിധമുള്ള സീറ്റ് വർധന അപഹാസ്യമാണ്. അധ്യാപകരുടെ മേൽ താങ്ങാനാവാത്ത ഭാരം കെട്ടിവെക്കലാണ്.

വിദ്യാഭ്യാസം പൗരന്റെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ജനസംഖ്യാനുപാതികമായി ബാച്ചുകൾ അനുവദിച്ച് മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുകയാണ് വേണ്ടത്. കേവല രാഷ്ട്രീയ പ്രശ്നമായി ചുരുക്കാതെ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നമായി മനസ്സിലാക്കി ബന്ധപ്പെട്ടവർ ശാശ്വത പരിഹാരം കാണണം. പരിഹാരം കാണുന്നത് വരെ ശക്തമായ പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നുവരണമെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News