'രാജ്യത്ത് ബിജെപി സർക്കാർ ഉള്ളിടത്തൊക്കെ വികസനം': പ്രധാനമന്ത്രി കൊച്ചിയിൽ

അതിവേഗം വികസനത്തിന്റെ പാതയിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി

Update: 2022-09-01 13:03 GMT
Advertising

കൊച്ചി: രാജ്യത്ത് ബിജെപി സർക്കാർ ഉള്ളിടത്തൊക്കെ വികസനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ബിജെപി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

"അതിവേഗം വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ഏതാനും മാസങ്ങളായി ജിഎസ്ടിയുടെ വളർച്ച കാണുവാൻ നമുക്ക് സാധിക്കും. കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുന്നു ബിജെപി രാജ്യത്ത് മാറ്റവും വികസനവും കൊണ്ടുവരുന്നതിന് വേണ്ടി സത്യസന്ധമായി പ്രവർത്തിക്കുകയാണെന്ന്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം കേരളത്തിൽ രണ്ട് ലക്ഷത്തിലധികം വീടുകളുടെ നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്.

ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ വികസനത്തിനായി പ്രവർത്തിക്കുകയാണ്. ബിജെപി സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങളിൽ വികസനം വേഗത്തിൽ നടപ്പിലാകും. യുവാക്കളുടെ പ്രതീക്ഷയുടെ മാർഗത്തിനും രാജ്യത്തെ വികസനത്തിനും തടസ്സമായി നിൽക്കുന്നത് അഴിമതിയാണ്. ഇത് തുടച്ചു നീക്കാനാണ് സർക്കാരിന്റെ ശ്രമം". മോദി പറഞ്ഞു.

ഓണക്കാലത്ത് കേരളത്തിലെത്താൻ കഴിഞ്ഞത് സൗഭാഗ്യമായി കാണുന്നുവെന്നറിയിച്ച പ്രധാനമന്ത്രി ഇത്തവണയും എല്ലാവരെയും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കേരളം സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമാണെന്നും മലയാളത്തിൽ പറഞ്ഞു.

ബിജെപി പരിപാടിക്ക് ശേഷം വൈകിട്ട് ആറിന് നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചി മെട്രോയുടെ പേട്ട എൻ.എൻ ജംങ്ഷൻ പാതയുടെ ഉദ്ഘാടനവും കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാതയുടെ ഉദ്ഘാടനം തുടങ്ങിയവ ചടങ്ങിൽ നിർവഹിക്കും. ശേഷം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും.

Full View

വെല്ലിങ്ടൺ ദ്വീപിലെ സ്വകാര്യ ഹോട്ടലിൽ രാത്രി ഒമ്പതിന് ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇവിടെത്തന്നെയാണ് ഇന്ന് താമസവും ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9.30ന് കൊച്ചി കപ്പൽശാലയിൽ ഐ.എൻ.എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ കമ്മിഷൻ ചെയ്യും. തുടർന്ന് കേരളത്തിലെ പര്യടനം അവസാനിപ്പിച്ച് മംഗളൂരുവിലേക്ക് മടങ്ങും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News