വാളയാര്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ചു; എസ്.പി സോജനെതിരെ പോക്സോ കേസ്

പാലക്കാട് പോക്സോ കോടതിയാണ് കേസ് എടുത്തത്

Update: 2022-05-11 09:55 GMT
Advertising

പാലക്കാട്: വാളയാർ കേസ് അന്വേഷിച്ച എസ്.പി എം.ജെ സോജനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് കേസ്. പാലക്കാട് പോക്സോ കോടതിയാണ് കേസ് എടുത്തത്. ഉന്നത ഉദ്യോഗസ്ഥർ പോക്സോ കേസിൽ പ്രതി ചേർക്കപ്പെടുന്നത് അപൂർവമാണെന്ന് വാളയാർ കേസിലെ അഭിഭാഷകൻ ഷജറുദീൻ പാറക്കൽ മീഡിയവണിനോട് പറഞ്ഞു. സോജനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

"തലമുണ്ഡനം ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞതുപോലെ സോജന്‍റെ തലയില്‍ തൊപ്പിയുള്ള കാലത്തോളം ഞാന്‍ മുടി വളര്‍ത്തില്ല എന്ന വാക്ക് പാലിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍‌ കൊടുത്ത പരാതിയില്‍ സോജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി കേസെടുത്തിരിക്കുകയാണ്. സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കി കേസ് അന്വേഷണിക്കണം എന്നാണ് എന്‍റെ ആവശ്യം"- പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന തരത്തിലായിരുന്നു സോജന്‍റെ പ്രതികരണം. പീഡനം പെൺകുട്ടികൾ ആസ്വദിച്ചിരുന്നു എന്ന തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ ഒന്‍പത് വയസുള്ള സഹോദരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷിയായിരുന്നു സഹോദരി. 

ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന് പരാതി ഉയര്‍ന്നതോടെ അന്നത്തെ ഡി.വൈ.എസ്.പി സോജന് അന്വേഷണം കൈമാറുകയായിരുന്നു. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞത്. പ്രതികളെ വെറുടെ വിട്ട് കോടതി വിധി വന്നതോടെ ആ വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടര്‍ന്ന് റിട്ടയേഡ് ജഡ്ജിയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വച്ചു. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News