ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു
ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു
കൊച്ചി : എറണാകുളം ചോറ്റാനിക്കരയിൽ പോക്സോ അതിജീവിത മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ആൺ സുഹൃത്തിന്റെ ക്രൂരമർദനത്തിനും പീഡനത്തിനും ഇരയായ യുവതി ആറ് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു
ആറ് ദിവസം മുൻപാണ് വീട്ടിൽ നിന്ന് അവശനിലയിൽ 19കാരിയെ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി, ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി. മുറുവുകളിൽ ഉറുമ്പരിച്ച നിലയിലായിരുന്നു.
യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപിനെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അനൂപ് പെൺകുട്ടിയെ അതിക്രൂരമായാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അനൂപ് ലഹരി കേസിൽ അടക്കംപ്രതിയാണ്. ഇയാൾ വീട്ടിൽ വരുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
ശനിയാഴ്ച രാത്രി 10.15ഓടെയാണ് അനൂപ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ഇവർ തമ്മിൽ തർക്കം ഉണ്ടായി. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ഉണ്ടായ സൗഹൃദം ചോദ്യം ചെയ്ത് മർദ്ദിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടി മരിച്ചുവെന്ന് കരുതി അനൂപ് സ്ഥലത്തുനിന്ന് കടന്ന് കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു