പരാതികൾ കെട്ടിക്കിടക്കുന്നു: പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരമേഖലക്ക് ചെയർമാനില്ല
പുതിയ നിയമനം നടക്കാത്തതിനാല്‍ എറണാകുളം മുതൽ കാസർകോടുവരെയുള്ള എട്ടു ജില്ലകളിലായി അഞ്ഞൂറോളം പരാതികളാണ് കെട്ടിക്കിടക്കുന്നത്.
കോഴിക്കോട്: പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാനുള്ള പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരമേഖലാ ചെയർമാന്‍ സ്ഥാനത്ത് ആളില്ലാതായിട്ട് മൂന്ന് മാസമായി. പുതിയ നിയമനം നടക്കാത്തതിനാല്‍ എറണാകുളം മുതൽ കാസർകോടുവരെയുള്ള എട്ടു ജില്ലകളിലായി അഞ്ഞൂറോളം പരാതികളാണ് കെട്ടിക്കിടക്കുന്നത്. നിയമനം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിർദേശം നല്‍കിയിട്ടും നടപടി വൈകുകയാണ്.
റിട്ട ജഡ്ജിയായിരുന്ന പി.എസ് ദിവാകരന്റെ കാലാവധി കഴിഞ്ഞ ശേഷം വടക്കന്‍ മേഖലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതിയ അധ്യക്ഷനെ നിയമിച്ചിട്ടില്ല. കോഴിക്കോടു മാത്രം 62 പരാതികള്‍ പരിഗണിക്കാനായുണ്ട്. എട്ടു ജില്ലകളിലായി കെട്ടിക്കിടക്കുന്ന പരാതികളുടെ എണ്ണം അഞ്ഞൂറോളം വരും. മനുഷ്യാവകാശ പ്രവർത്തകന്‍ നൗഷാദ് തെക്കയിലിന്റെ പരാതിയെ തുടർന്ന് വേഗം നിയമനം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശം നല്‍കിയതാണ്.
എന്നാല്‍ നിയമന നടപടികള്‍ നടന്നുവരുന്നതേയുള്ളു എന്നാണ് ആഭ്യന്തരവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. എന്നാല്‍ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ പരാതി പറയാനുള്ള സംവിധാനം നോക്കുകുത്തിയായിട്ട് മാസങ്ങളായത് സർക്കാർ അറിഞ്ഞിട്ടില്ല.