'ഇത്ര കാലം ശ്വാസം കിട്ടാത്ത പ്രശ്നമായിരുന്നു, ഇപ്പോള്‍ പൊലീസിന്റെ ശല്യം കൂടിയായി'; ഫ്രഷ് കട്ട് സംഘര്‍ഷത്തിന് പിന്നാലെ രാത്രി വീടുകളില്‍ പൊലീസ് പരിശോധന

എന്തുകൊണ്ടാണ് പൊലീസ് മുക്കത്തുനിന്ന് വരാന്‍ കാരണമെന്ന് വീട്ടുകാര്‍ ചോദിക്കുമ്പോള്‍, 'ഡ്യൂട്ടിയല്ലേ' എന്നായിരുന്നു മറുപടി.

Update: 2025-10-23 06:02 GMT

Photo|MediaOne

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തിലെ സംഘർഷത്തിന് പിന്നാലെ രാത്രിയിൽ വീടുകയറി പൊലീസ് പരിശോധന. കരിമ്പാല കുന്നിലെ ഒരു വീട്ടിൽ പൊലീസ് സംഘം എത്തിയതിന്റെ ദൃശ്യം മീഡിയവണിന് ലഭിച്ചു. 'ഇത്രയും കാലം ശ്വാസം കിട്ടാത്ത പ്രശ്നമായിരുന്നു... ഇപ്പോൾ പൊലീസിന്റെ ശല്യം കൂടിയായി' എന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. മുക്കത്തു നിന്നുള്ള പൊലീസുകാരാണ് ഇവിടെയെത്തിയത്.

എംഎല്‍എമാര്‍ പറഞ്ഞിട്ടല്ലല്ലോ നിങ്ങള്‍ ഇപ്പോള്‍ എഫ്‌ഐആര്‍ ഇടുന്നതെന്നും ഇപ്പോള്‍ നിലപാട് ശക്തമാക്കിയ നിങ്ങൾ നേരത്തെ അവരോട് ചെയ്തിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. വീട്ടുടമയുടെ പേരും വീട്ടുപേരും വീട്ടുനമ്പരും മറ്റ് വിശദാംശങ്ങളും പൊലീസുകാർ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തി.

Advertising
Advertising

എന്തുകൊണ്ടാണ് നിങ്ങള്‍ മുക്കത്തുനിന്ന് വരാന്‍ കാരണമെന്ന് പൊലീസുകാരോട് വീട്ടുകാര്‍ ചോദിക്കുമ്പോള്‍, 'ഡ്യൂട്ടിയല്ലേ' എന്നായിരുന്നു മറുപടി. വിവരങ്ങള്‍ രേഖപ്പെടുത്തുകയും വെള്ള പേപ്പറില്‍ ചില കാര്യങ്ങള്‍ എഴുതുകയും ഇതില്‍ വീട്ടുകാരെ കൊണ്ട് ഒപ്പിടീക്കുകയും ചെയ്ത ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്. 'വാദി പ്രതിയാകുമോ' എന്നും 'എന്തിനാണ് ഒപ്പിടുന്നത്' എന്നും വീട്ടുകാർ പൊലീസിനോട് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.

ഫ്രഷ് കട്ട് സമരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് സമരസമിതി രംഗത്തെത്തിയിരുന്നു. എസ്ഡിപിഐ നുഴഞ്ഞുകയറി എന്ന വാദവും സമരസമിതി തളളിയിരുന്നു. സമരസമിതിയംഗങ്ങള്‍ പ്ലാന്റ് ആക്രമിച്ചിട്ടില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നുവെന്നും സമരസമിതി ചെയർമാനായ ബാബു കുടുക്കി വ്യക്തമാക്കി.

ഫ്രഷ് കട്ടിൻ്റെ ഗുണ്ടകളോ കമ്പനിയുടെ എതിരാളികളോ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. കുട്ടികളെയും സ്ത്രീകളെയും കവചമാക്കി എന്ന പൊലീസ് ആരോപണവും അദ്ദേഹം തള്ളി. അതേസമയം ഫ്രഷ് കട്ട് സമരത്തിലെ സംഘർഷത്തിൽ പൊലീസിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കും കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെ 16 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അറവുമാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി നടക്കുന്ന സമരമാണ് അക്രമാസക്തമായാത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്റൂഫാണ് ഒന്നാം പ്രതി. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News