ഐ'ഡലി കഫെയിലെ പൊട്ടിത്തെറി: ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്
ഐ'ഡലി കഫെയിൽ പൊലീസും വിവിധ വകുപ്പുകളും സംയുക്ത പരിശോധന നടത്തി
Update: 2025-02-07 13:18 GMT
എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ റസ്റ്റോറന്റിലെ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഐ'ഡലി കഫെ ഉടമ ദീപക്കിനെതിരെ ആണ് പാലാരിവട്ടം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസ്. ഇയാൾക്കെതിരെ ബിഎൻസിലെ വിവിധ വകുപ്പുകൾ ചുമത്തി. സ്റ്റീമർ പെട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരൻ സുമിത് മരിച്ചിരുന്നു. പരിക്കേറ്റ രണ്ടുപേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
പൊട്ടിത്തെറി ഉണ്ടായ കലൂർ ഐ'ഡലി കഫെയിൽ പൊലീസും വിവിധ വകുപ്പുകളും സംയുക്ത പരിശോധന നടത്തി. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. പൊലീസിന് പുറമേ ഫോറൻസിക്, ഇലക്ട്രിക്കൽ, പിഡബ്ല്യുഡി സംഘങ്ങളാണ് പരിശോധന നടത്തിയത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.