Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കണ്ണൂർ: കണ്ണൂർ പിണറായിലുണ്ടായ സ്ഫോടനം പടക്കം പൊട്ടിയുണ്ടായതെന്ന് എഫ്ഐആർ. സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ കൈപ്പത്തിക്ക് ഗുരുതരമായിപരിക്കേറ്റിരുന്നു. ക്രിസ്തുമസ് പുതുവത്സരാഘോഷത്തിനായി ഉണ്ടാക്കിയ പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ പ്രതികരിച്ചു.
ഇന്നലെ ഉച്ചയോടെ പിണറായി വെണ്ടുട്ടായി കനാൽക്കരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിൽ കഴിയുന്ന വിപിൻ രാജിനെ പ്രതിചേർത്ത് പിണറായി പൊലിസാണ് കേസെടുത്തത്. പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. വലതു കൈപ്പത്തിയിലെ മൂന്ന് വിരലുകൾ അറ്റ വിപിൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ബോംബ് സ്ഫോടനം എന്ന് വ്യാഖ്യാനിച്ച് ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പാറാട് ടൗണിൽ വടിവാളുമായി അക്രമം അഴിച്ചു വിട്ട സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തർ കൂടി പിടിയിലായി. വടിവാളെടുത്ത് അക്രമത്തിന് നേതൃത്വം നൽകിയ ശരത് പാറാട്, ശ്രീജിൽ അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരെ ആണ് മൈസൂരിൽ ഒളിവിൽ കഴിയുന്നതിനിടെ കൊളവല്ലൂർ പൊലീസ് പിടികൂടിയത്. ഇതോടെ പാറാട്ടെ അതിക്രമങ്ങളിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ എണ്ണം 12 ആയി. വിജയാഹ്ലാദത്തിനിടെ അക്രമം നടത്തിയ സംഭവത്തിൽ മൂന്ന് മുസ്‌ലിം ലീഗ് പ്രവർത്തകരെയും കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.