പരാതിക്കാരനായ പൊലീസുകാരൻ തന്നെ തെളിവുകൾ നശിപ്പിച്ചു; ഹണിട്രാപ് കേസിൽ വീണ്ടും ട്വിസ്റ്റ്

പൊലീസുകാരന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിൽ വാട്സ്ആപ്പ് ചാറ്റുകളടക്കം നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

Update: 2021-10-03 02:01 GMT

ഹണിട്രാപ്പ് കേസില്‍ പരാതിക്കാരനായ പൊലീസുകാരൻ തെളിവുകൾ നശിപ്പിച്ചെന്ന് സംശയം. പൊലീസുകാരൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിൽ വാട്‍‍സ്ആപ്പ് ചാറ്റുകളടക്കം നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ഒത്തുതീർപ്പ് സംശയവും ഇതോടെ ബലപ്പെട്ടു.

പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായി മാറിയ ഹണി ട്രാപ്പ് കേസിൽ ട്വിസ്റ്റുകൾ തുടരുകയാണ്. ഹണി ട്രാപ്പിൽ കുടുക്കി അഞ്ചല്‍ സ്വദേശിയായ യുവതി പണം തട്ടിയെന്നായിരുന്നു കൊല്ലം റൂറലിലെ എസ്.ഐയുടെ പരാതി. അന്വേഷണത്തിന് നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി.

Advertising
Advertising

ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ കുടുക്കാന്‍ പൊലീസുകാരന്‍ തന്നെ നിര്‍ദ്ദേശിച്ചെന്ന് പ്രതിയായ യുവതി വെളിപ്പെടുത്തിയതായിരുന്നു കേസിലെ ആദ്യ ട്വിസ്റ്റ്. എന്നാലിപ്പോൾ പരാതിക്കാരനായ പൊലീസുകാരൻ തന്നെ തെളിവുകൾ നശിപ്പിച്ചെന്ന സംശയമാണ് അന്വേഷണത്തിന് തിരിച്ചടിയായിരിക്കുന്നത്. ആദ്യം രണ്ട് തവണ നോട്ടീസ് നൽകിയിട്ടും മൊഴി നൽകാൻ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥൻ അടുത്തിടെ യുവതിക്കെതിരെ മൊഴി നൽകിയിരുന്നു.

ഇതിനിടെ അന്വേഷണ സംഘം ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയിൽ ഫോണിലെ കോൺടാക്ടുകൾ ഒഴികെ വാട്‍സ്ആപ്പ് ചാറ്റുകളടക്കം എല്ലാം ഡിലീറ്റ് ചെയ്തെന്ന് കണ്ടെത്തിയതോടെയാണ് തെളിവുകൾ പൊലീസുകാരൻ തന്നെ നശിപ്പിച്ചെന്ന സംശയം ബലപ്പെട്ടത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയായ യുവതിയെ ചോദ്യം ചെയ്യാൻ നീക്കം ആരംഭിച്ചതിന് പിന്നാലെ ഇവർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി. ഇതോടെ കേസിൽ ഒത്തു തീർപ്പ് നീക്കം നടക്കുന്നതായുള്ള സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News