പൊന്‍മുടി ഇന്ന് തുറക്കും; സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം
കനത്ത മഴയില്‍ തകര്‍ന്ന റോഡിന്‍റെ പുനര്‍ നിര്‍മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക
പൊന്‍മുടി: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം കാരണം രണ്ട് മാസമായി അടച്ചിട്ടിരുന്ന തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി ഇന്ന് തുറക്കും. കനത്ത മഴയില്‍ തകര്‍ന്ന റോഡിന്‍റെ പുനര്‍ നിര്‍മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക . വനം - പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ യാത്രാ വേളയില്‍ കര്‍ശനമായി പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.
റോഡ് തകര്‍ന്നതോടെയാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചത്. ഇതോടെ പൊന്മുടിയും തോട്ടംമേഖലയും സര്‍ക്കാര്‍ ഓഫീസുകളും ഒറ്റപ്പെട്ട നിലയിലായി. രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍പോലും ഏറെ ബുദ്ധിമുട്ടായിരുന്നു. തോട്ടംതൊഴിലാളികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം കുടുംബങ്ങള്‍ക്കാണ് പുറംലോകത്തെത്താന്‍ കഴിയാതായത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് റോഡ് നിര്‍മിക്കാനായത്.