ആദ്യ റൗണ്ട് വോട്ടണ്ണല്‍ പൂര്‍ത്തിയായി; 1000 കടന്ന് ചാണ്ടി ഉമ്മന്‍റെ ലീഡ്

2491 പോസ്റ്റൽ വോട്ടുകളിൽ 1210 വോട്ടുകളും ചാണ്ടി ഉമ്മൻ നേടി

Update: 2023-09-08 04:00 GMT
Editor : ലിസി. പി | By : Web Desk

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെണ്ണിയപ്പോള്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് 1000 കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 580 വോട്ടിന്റെ ലീഡായിരുന്നു. 1210 വോട്ടാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് 630 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി ലിജിന് 101വോട്ടുകളാണ് ലഭിച്ചത്. 2491 പോസ്റ്റൽ വോട്ടുകളിലാണ് 1210 വോട്ടുകളും ചാണ്ടി ഉമ്മൻ നേടിയത്. പോസ്റ്റല്‍ വോട്ടിന് ശേഷം അയർകുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ശേഷം, അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളാണ് എണ്ണുക.

Advertising
Advertising

എട്ടുമണിയോടെ സ്ട്രോങ് റൂം തുറന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങാന്‍ പിന്നെയും വൈകി. 8.20 ഓടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.  കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും എണ്ണും. ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് . 14 മേശകളിൽ 13 റൗണ്ടുകളിലായി വോട്ടെണ്ണൽ നടക്കും . ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകൾ എന്ന ക്രമത്തിലാണ് എണ്ണുക. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുണ്ട്. 72.86 ശതമാനം പേരാണ് പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയത്. മുപ്പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പ്രതീക്ഷ കൈവിടാത്ത ഇടതുമുന്നണി ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം എന്ന കണക്കിലാണ് ആശ്വാസം കൊള്ളുന്നത്.

വോട്ടെണ്ണൽ ദിവസമായ ഇന്ന് രാവിലെ പിതാവായ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വോട്ടിങ് നടക്കുന്ന കേന്ദ്രത്തിലേക്ക് എത്തിയത്. ഫലം വന്നതിന് ശേഷം മാത്രം പ്രതികരിക്കാമെന്നായിരുന്നു ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, വോട്ടെണ്ണൽ ദിവസവും പ്രതീക്ഷക്ക് ഒരു മങ്ങലേറ്റിട്ടില്ലെന്നാണ് ജെയ്ക് സി തോമസിന്റെ പ്രതികരണം. ആത്മവിശ്വാസത്തോടെ ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിക്കാർ നമ്മളോട് പറയുന്നത്. അതിന് ഒരു മങ്ങലും ഇളക്കവുമില്ല. ഇടത് ജനാധിപത്യമുന്നണിയുടെ എല്ലാ ഘടക കക്ഷികളും ഐക്യത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ജെയ്ക് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News