സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലെ മത്സരചിത്രമായി; തിരുവനന്തപുരത്ത് ബിജെപിക്ക് നിർണായകം
മലപ്പുറത്തെയും എറണാകുളത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലും ജനുവരി 12നാണ് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച മൂന്ന് വാർഡുകളിലെ മത്സരചിത്രമായി. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലും മലപ്പുറത്തെയും എറണാകുളത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലും ജനുവരി 12നാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം കോർപ്പറേഷനിൽ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിച്ച ബിജെപിക്ക് വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് നിർണായകമാണ്.
കണ്ണമൂല വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച പാറ്റൂർ രധാകൃഷ്ണന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം നേടിയത്. വിഴിഞ്ഞത്ത് വിജയിക്കാനായാൽ ബിജെപിക്ക് സ്വതന്ത്രൻ്റെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് ഭരിക്കാം. വിഴിഞ്ഞത്ത് വിജയസാധ്യത കുറവാണെങ്കിലും കോർപ്പറേഷൻ ഭരണം പിടിച്ച അനുകൂല സാഹചര്യം ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടൽ.
പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ വിഴിഞ്ഞത്ത് മത്സരരംഗത്തുള്ളത് ഒമ്പത് പേരാണ്. നേരത്തെ ബിജെപി പ്രഖ്യാപിച്ച സർവശക്തിപുരം ബിനുവാണ് എൻഡിഎ സ്ഥാനാർഥി.
നിലവിൽ എൽഡിഎഫിൻ്റെ കയ്യിലുള്ള വാർഡാണ് വിഴിഞ്ഞം. അഭിമാന പോരാട്ടത്തിൽ മുൻ കൗൺസിലർമാരെയാണ് യുഡിഎഫും എൽഡിഎഫും സ്ഥാനാർത്ഥികളായി രംഗത്തിറക്കിയിരിക്കുന്നത്.
മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലും ജനുവരി 12ന് തിരഞ്ഞെടുപ്പ് നടക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ.