സംസ്ഥാനത്ത് കോഴി വില കുതിച്ചുയരുന്നു

കേരളത്തിൽ ഉല്‍പാദനം കുറഞ്ഞതും വില വർധനവിന് കാരണമായി

Update: 2022-03-14 13:47 GMT
Editor : ijas
Advertising

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. മിക്ക ജില്ലകളിലും 170 നടുത്താണ് ഒരു കിലോ കോഴിയിറച്ചിയുടെ വില. കേരളത്തിൽ ഉല്‍പാദനം കുറഞ്ഞതും വില വർധനവിന് കാരണമായി. ഇറച്ചി വില വർധിച്ചതോടെ ചിക്കൻ വിഭവങ്ങൾക്കും വില കൂട്ടാനുള്ള നീക്കത്തിലാണ് ഹോട്ടൽ ഉടമകൾ.

ഉത്പാദന ചിലവ് വർധിച്ചതോടെ കേരളത്തിലെ കോഴിവളര്‍ത്തല്‍ നാമമാത്രമാവുകയും, അയല്‍ സംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ വന്നതുമാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാണമായത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ഇറച്ചി കോഴിക്ക് വില വൻ തോതിൽ കുറയുകയും കോഴിത്തീറ്റയുടെ വില ക്രമതീതമായി വർധിച്ചതും ചെയ്തതോടെ ചെറുകിട ഫാമുകൾ വ്യാപകമായി പൂട്ടി. 97 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉത്പാദന ചിലവ് ഇപ്പോൾ 103 രൂപ വരെ എത്തി. തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് ഇപ്പോൾ കേരളത്തിന്‌ ആവശ്യമായ ഇറച്ചിക്കോഴി എത്തിക്കുന്നത്. ഇതാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്. വില നിയന്ത്രിക്കാന്‍ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് കേരള പൗൾട്രിഫാര്‍മേഴ്സ് ആന്‍റ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി പറഞ്ഞു.

കോഴിവില ഉയർന്ന സാഹചര്യത്തിൽ ചിക്കൻ വിഭവങ്ങൾക്ക് വില വർധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയാണെന്ന് ഹോട്ടൽ ഉടമകളും വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News