'ലിംഗസമത്വവും തുല്യതയും ഉറപ്പാക്കണം'; പ്രീ സ്കൂൾ വിദ്യാഭ്യാസത്തിലും സമഗ്ര മാറ്റങ്ങൾക്ക് നിർദേശം

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുമുള്ള കുഞ്ഞുങ്ങളെ ചേർത്തുനിർത്താൻ കഴിയണമെന്ന് കരടിൽ പറയുന്നു

Update: 2023-10-10 08:40 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പ്രീ സ്കൂൾ വിദ്യാഭ്യാസത്തിലും സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിച്ച് പാഠ്യപദ്ധതി ചട്ടക്കൂട്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുമുള്ള കുഞ്ഞുങ്ങളെ ചേർത്തുനിർത്താൻ കഴിയണമെന്ന് കരടിൽ പറയുന്നു. വിദ്യാഭ്യാസത്തിൽ മാതൃഭാഷ തന്നെ വിനിമയ മാധ്യമമാകണം. ലിംഗസമത്വവും ലിംഗതുല്യതയും പഠനാന്തരീക്ഷത്തിൽ ഉറപ്പാക്കണമെന്നും ചട്ടക്കൂട് നിർദേശിക്കുന്നു.

എല്ലാത്തരം ചുറ്റുപാടിൽനിന്നും വരുന്ന കുട്ടികളെയും ഒന്നായി തന്നെ സ്വീകരിക്കണമെന്നതാണ് ചട്ടക്കൂടിലെ പ്രധാന നിർദേശം. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർ, അതിഥി തൊഴിലാളികളുടെ മക്കൾ, ഗോത്രവർഗ്ഗങ്ങളിലെ കുട്ടികൾ, ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെടുന്ന എല്ലാ മേഖലകളിൽനിന്നുള്ള കുഞ്ഞുങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണം. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് കളിരീതിയിലൂടെ പഠനം മുന്നോട്ടുകൊണ്ടുപോകാം. നാലര മണിക്കൂർ സമയംവരെ അനുഭവപ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം. ദൈനംദിന ജീവിതത്തിൽ കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന ഭാഷ തന്നെ പഠനത്തിലും വേണം എന്നതിനാലാണ് വിനിമയമാധ്യമമായി മാതൃഭാഷ തന്നെ നിർദേശിക്കുന്നത്.

Full View

പഠനത്തിൽ സാങ്കേതികവിദ്യ യുക്തിപരമായി ഉപയോഗിച്ച് കുട്ടികളുടെ സ്ക്രീൻ നോട്ടം നിയന്ത്രിക്കണമെന്നും ചട്ടക്കൂടിലുണ്ട്. തൊഴിലിനു പോകുന്ന രക്ഷകർത്താക്കളാണ് ഭൂരിഭാഗവും എന്നതിനാൽ കുട്ടികളുടെ സംരക്ഷണകേന്ദ്രം കൂടിയാകണം പ്രീ സ്കൂളുകൾ. അധ്യാപകരുടെയും ആയമാരുടെയും പ്രവർത്തനം സംബന്ധിച്ചും കരടിൽ നിർദേശമുണ്ട്. എല്ലാ പ്രീ സ്കൂൾ ജീവനക്കാർക്കും സേവനകാല പരിശീലനം നൽകിയിരിക്കണം. തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം, എസ്.സി-എസ്.ടി വികസനം തുടങ്ങിയ വിവിധ വകുപ്പുകൾ ചേർന്നാകണം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതെന്നും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ നിർദേശിക്കുന്നു.

Summary: Comprehensive changes in pre-school education curriculum, including ensuring gender equality and equity, are recommended

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News