'എന്നെ സ്ഥാനാർഥിയാക്കി എല്ലാവരും മുങ്ങി'; പ്രതിഷേധവുമായി ബിജെപി സ്ഥാനാർഥി
തൃത്താല 14-ാം വാർഡ് ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണനാണ് പ്രതിഷേധിച്ചത്
പാലക്കാട്: സ്ഥാനാർഥിയാക്കി പ്രവർത്തകർ മുങ്ങിയതിൽ പ്രതിഷേധവുമായി ബിജെപി സ്ഥാനാർഥി. തൃത്താല 14-ാം വാർഡ് ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണനാണ് പരസ്യപ്രതിഷേധവുമായി രംഗത്ത് എത്തിയത്. സ്വന്തം പോസ്റ്റർ പതിച്ച മതിലിന് മുന്നിൽ പോസ്റ്റർ പിടിച്ച് നിന്നാണ് പ്രതിഷേധിച്ചത്. തന്റെ ബൂത്തിലിരിക്കാൻ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആൾ ഉണ്ടായിരുന്നെന്ന് മനസിലായി എന്നും ഉണ്ണികൃഷ്ണൻ മീഡിയാവണിനോട് പ്രതികരിച്ചു.
ഒന്നാം ഘട്ടതെരഞ്ഞെടുപ്പിലും സമാനമായ പ്രതിഷേധം ബിജെപി സ്ഥാനാർഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായി. സ്ഥാനാർഥിയാക്കിയശേഷം സ്വന്തം പാർട്ടിക്കാർ തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ബിജെപി സ്ഥാനാർഥി ജനജമ്മ ഡി ദാമോദരനാണ് ബിജെപിക്കെതിരെ പ്രതിഷേധവുമായി പോളിങ് ബൂത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തിയത്.