കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി എറണാകുളം വിപിഎസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം. ഞായറാഴ്ച രാവിലെ 8.45 ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് യാത്ര തിരിച്ച കണ്ണൂർ സ്വദേശിനിയുടെയും ആൺകുഞ്ഞിന്‍റെയും ജീവനാണ് കൃത്യസമയത്തെ ഉചിതമായ ഇടപെടലിലൂടെ അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രക്ഷപ്പെടുത്തിയത്.
യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാർ നിർത്തുമ്പോൾ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയിരുന്നു. ഇതോടെ ഡോ. ആദിൽ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് ഓടിയെത്തി. സ്ട്രെച്ചറടക്കം സംവിധാനങ്ങളുമായി മറ്റ് ആരോഗ്യപ്രവർത്തകരുമെത്തി. എന്നാൽ അവിടെ നിന്നും യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റാനാകുന്ന സാഹചര്യമല്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ കാറിനുള്ളിൽ വെച്ച് തന്നെ പ്രസവത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. അങ്ങനെ കുടുംബത്തിന്‍റെ വോൾവോ കാറിൽ വെച്ച് തന്നെ സുരക്ഷിതമായി ഡോക്ടറും സംഘവും പ്രസവമെടുക്കുകയായിരുന്നു.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് തലശ്ശേരിയിൽ നിന്നും യുവതിയും ഭര്‍ത്താവും മാതാപിതാക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞ ദിവസം അരൂരിൽ എത്തിയത്. ജനുവരി 22നാണ് യുവതിക്ക് പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വേദന അനുഭവപ്പെട്ട് തുടങ്ങി. ഇതോടെ ഇവർ അരൂരിലെ ഒരു ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി തുടർനടപടികൾ സ്വീകരിച്ചിരുന്നു. വേദന കുറയുന്നതിനുള്ള മരുന്നുകൾ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി. ഇതോടെ കുടുംബം എറണാകുളം ലേക്‌ഷോറിലേക്ക് പുറപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കാറിൽ വെച്ച് കുഞ്ഞ് പുറത്തുവരികയായിരുന്നു.
കുഞ്ഞിനും അമ്മക്കും പരിപൂർണ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടാണ് നടപടികൾ സ്വീകരിച്ചത്. തുടർന്ന് സീനിയർ പീഡിയാട്രിഷ്യൻ ഡോ. പ്രിയദർശനിയടക്കം അവിടേക്കെത്തി ആവശ്യമായ പരിചരണം ഉറപ്പാക്കി. ശേഷം ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ലേബർ റൂമിൽ പ്രസവാനന്തര പരിചരണത്തിലാണ്. കുഞ്ഞ് എൻഐസിയുവിൽ നിരീക്ഷണത്തിലാണ്. ഇരുവരും സുരക്ഷിതരാണ്.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള നിലയിലായിരുന്നു അനീറ്റയും കുഞ്ഞുമുണ്ടായിരുന്നതെന്നും ഇതോടെ ധ്രുതഗതിയിൽ നടപടികൾ ആരംഭിച്ച് ഇവരുടെ ജീവൻ സുരക്ഷിതമാക്കുകയായിരുന്നുവെന്നും ഡോ. ആദിൽ അഷ്റഫ് വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിന് സമീപമെത്തുമ്പോൾ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയ നിലയിലായിരുന്നു. ഈ സമയം അവരെ ആശുപത്രിക്കുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞാണ് കാറിനുള്ളിൽ വെച്ച് തന്നെ തുടർനടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ ഭാര്യയുടെയും കുഞ്ഞിന്‍റെയും ജീവൻ രക്ഷപ്പെടുത്തിയ ലേക്‌ഷോർ ആശുപത്രിയോടും ഇവിടുത്തെ ഡോക്ടർമാരടക്കമുള്ള വിദഗ്ധ സംഘത്തോടും പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് പ്രതികരിച്ചു. സങ്കീർണമായ സ്ഥിതിയിലാണ് തങ്ങൾ ഇവിടെ എത്തിയത്. കൃത്യസമയത്തുള്ള ഇടപെടലിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. അരുണിന്‍റെ പരിചരണത്തിൽ കുഞ്ഞ് എൻ.ഐ.സിയുവിൽ സുരക്ഷിതനാണെന്ന് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. നവീൻ ആന്‍റോ വ്യക്തമാക്കി. കുഞ്ഞ് സുരക്ഷിതനാണെന്നും ഡോക്ടർ വ്യക്തമാക്കി.
അത്യാഹിത വിഭാഗത്തിലെ കൃത്യമായ സജ്ജീകരണങ്ങളുടെയും തയാറെടുപ്പുകളുടെയും മികവാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുല്ല പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ തീരുമാനം വേഗത്തിലെടുക്കുകയെന്നത് പ്രധാനമാണ്. ലേക്‌ഷോറിലെ വിദഗ്ധ സംഘം രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണ്. അത്യാഹിത വിഭാഗത്തിന്‍റെ കൂട്ടായ പ്രവർത്തനത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തനങ്ങളുടെ കരുത്താണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് വി.പി.എസ് ലേക്‌ഷോർ സിഇഒ ജയേഷ് വി. നായർ പറഞ്ഞു. അടിയന്തര ജീവൻരക്ഷാ ഇടപെടലുകൾ ആശുപത്രിക്ക് പുറത്തേക്കും പലപ്പോഴും തുറക്കേണ്ട സാഹചര്യങ്ങളുണ്ടാകും. അത്തരത്തിലുള്ള എല്ലാ ഘട്ടങ്ങളിലും ഏത് അടിയന്തര സാഹചര്യത്തിലും ഒട്ടും വൈകാതെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൃത്യമായ സൗകര്യങ്ങളും മികവുറ്റ സംഘവുമാണ് ഇവിടെയുള്ളതെന്ന് വീണ്ടും തെളിയിക്കുന്നതാണ് സംഭവമെന്ന് അദ്ദേഹം വിശദീകരിച്ചു.