ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു; ഈ മാസം 16ന് നട തുറക്കും

തീർഥാടനം ആരംഭിക്കാൻ 10 ദിവസം മുന്നിൽ നിൽക്കെ നിർമാണ ജോലികളടക്കം വ്യാഴാഴ്ചയോടെ പൂർത്തീകരിക്കാനാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.

Update: 2022-11-08 01:26 GMT
Advertising

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടനം ആരംഭിക്കാൻ 10 ദിവസം മുന്നിൽ നിൽക്കെ നിർമാണ ജോലികളടക്കം വ്യാഴാഴ്ചയോടെ പൂർത്തീകരിക്കാനാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.

തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം മുന്നിൽ നിൽക്കെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തീരുമാനിച്ചിരിക്കുന്നത്. ശബരിമല പൂങ്കാവനത്തിലെയും ഇടത്താവളങ്ങളിലെയും പ്രവർത്തനങ്ങൾ ഇത് മുൻനിർത്തിയാണ് പുരോഗമിക്കുന്നത്. നിലക്കൽ, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിലടക്കം നിർമാണ നവീകരണ ജോലികൾ ബാക്കിയുണ്ടെങ്കിലും ഈ മാസം പത്തിനകം പൂർത്തീകരിക്കാനാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.

പരമ്പരാഗത പാതകളിൽ കല്ലുപാകുന്നതിനും ശബരിമല റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതുമടക്കമുള്ള ജോലികൾ പുരോഗമിക്കുകയാണ്. ബേസ് ക്യാമ്പായ നിലക്കലിലെ പ്രവർത്തനങ്ങളിലേറയും ഇതിനോടകം പൂർത്തിയാക്കാനായി. കച്ചവട സ്ഥാനങ്ങളുടെ ലേല നടപടികൾ ശേഷിക്കുന്നുണ്ടെങ്കിലും തീർഥാടകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഇതിനോടകം സാധിച്ചതായും അനന്തഗോപൻ പറഞ്ഞു.

ഈ മാസം 16ന് നട തുറക്കാനരിക്കെ പമ്പയിലും നിലക്കലിലുമായാണ് ദേവസ്വം ബോർഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന പ്രവർത്തനങ്ങളിലേറെയും നടക്കുന്നത്. എന്നാൽ ഇടത്താവളങ്ങളിലടക്കം ഓട്ടേറെ നിർമാണ പ്രവർത്തനങ്ങൾ ശേഷിക്കുന്നുണ്ടെന്ന പരാതികളും ഇതിനോടകം ഉയർന്നിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News