രാഹുൽഗാന്ധിക്കെതിരെ വധഭീഷണി: 'ഞാൻ അഹിംസാവാദി, ആരെയും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ല'; പ്രിന്റു മഹാദേവ്

രാജ്യത്തെ സംബന്ധിച്ച വിഷയത്തിൽ തന്റെ പ്രതികരണം വൈകാരികമാണെന്നും പ്രിന്‍റു

Update: 2025-10-01 07:23 GMT
Editor : Lissy P | By : Web Desk

തൃശൂര്‍: പൊലീസ് തന്റെ വീട്ടിൽ കയറി നരവേട്ട നടത്തിയെന്ന്  രാഹുല്‍ ഗാന്ധിക്കെതിരെ ചാനല്‍ ചര്‍ച്ചയിലൂടെ വധഭീഷണി മുഴക്കിയ ബിജെപി വക്താവ് പ്രിന്‍റു  മഹാദേവ്. താന്‍ അഹിംസ വാദിയാണെന്നും ഇന്നുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പ്രിന്‍റു മാധ്യമങ്ങളോട് പറഞ്ഞു. 

'എന്റെ വാക്കുകൾ വളച്ചൊടിച്ചു. ബോധപൂർവം ചർച്ച നടത്തിയ അവതാരക  തേജോവധം ചെയ്തു.ചർച്ച നടത്തിയ അവതാരകക്കും ചാനലിനും എതിരെ നിയമ നടപടി സ്വീകരിക്കും .രാജ്യത്തെ സംബന്ധിച്ച വിഷയത്തിൽ എന്റെ പ്രതികരണം വൈകാരികമാണ്. ഞാന്‍ ആരെയും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ല.ചാനൽ ചർച്ചകളിലൂടെ നേതാവായ ആളല്ല ഞാൻ.പാർട്ടി എനിക്കൊപ്പമുണ്ട്.' പ്രിന്‍റു പറഞ്ഞു.

Advertising
Advertising

'എന്റെ വാക്കുകൾ അടർത്തിയെടുത്ത് പാർട്ടിയെ ആക്രമിക്കുകയാണ്. ഞാനില്ല എന്നറിഞ്ഞിട്ടും ഭാര്യയും മകളും മാത്രമുള്ളപ്പോള്‍ പൊലീസ് വീട്ടിലെത്തി ഭീതിയുണ്ടാക്കി.പൊലീസ് നടപടിയിൽ കുടുംബാംഗങ്ങൾക്ക് മനോവിഷമമുണ്ടായി'.അച്ഛനും അമ്മയ്ക്കുമെതിരെ വധഭീഷണി ഉണ്ടായെന്നും പ്രിന്‍റു പറഞ്ഞു.

'വി.ഡി സതീശനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. ബിജെപി കോൺഗ്രസിലേക്ക് അയച്ച ചാരനാണ് അയാൾ. വ്യക്തിപരമായി അയാൾ എന്നെ വളരെയധികം ആക്രമിച്ചിട്ടുണ്ട്. സന്ദീപിനെ കുറിച്ച് താൻ പറഞ്ഞാൽ അയാൾ തലയിൽ മുണ്ടിട്ടു ഓടേണ്ടി വരും. പണ്ട് സന്ദീപ് തൃശ്ശൂരിൽ നിന്നും ഓടിയത് ഓർമ ഉണ്ടല്ലോ'.. പ്രിന്റു മഹാദേവൻ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രിന്റു മഹാദേവ് കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങി. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.  കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് പ്രിന്റുവിനെതിരെ നിയമനടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. കെപിസിസി സെക്രട്ടറി അഡ്വ. പി.ആർ പ്രാണകുമാർ സംസ്ഥാന പൊലീസ് മേധാവിക്കും കോൺഗ്രസ് നേതാവ് ശ്രീകുമാർ തൃശൂർ പേരാമംഗലം പൊലീസിനുമാണ് പരാതി നൽകിയത്.

അതേസമയം,പ്രിന്റുവിന്റെ മാനസിക നിലക്ക് എന്തോ കുഴപ്പമുണ്ടെന്ന് സന്ദീപ് വാര്യർ മീഡിയവണിനോട് പ്രതികരിച്ചു. ഇത്തരം കേസില്‍ ജാമ്യം കിട്ടുന്നത് സ്വാഭാവികമാണ്.ഇനിയാണ് കേസ് നടക്കുന്നത്.  ഇത്തരം വിവരക്കേടുകള്‍  വിളിച്ചുപറയുന്നവരെ  ചാനലുകളിലേക്ക് അയക്കണോ എന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണ്. സന്ദീപ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News