പ്രിയംവദ കൊലപാതകം; രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
പനച്ചുമൂട് സ്വദേശി വിനോദ്, ഇയാളുടെ സഹോദരൻ സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി വെള്ളറട പോലീസ്. പനച്ചമൂട് സ്വദേശി വിനോദ്, ഇയാളുടെ സഹോദരൻ സന്തോഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കടം നൽകിയ പണം തിരിച്ചുചോദിച്ചതിനാണ് പ്രിയംവദയെ അയൽവാസിയായ വിനോദ് കൊലപ്പെടുത്തിയത്.
പ്രതി വിനോദിന്റെ വീടിന് പിന്നിലെ കുഴിയിൽ നിന്നാണ് അയൽവാസിയായ പ്രിയംവദയുടെ മൃതദേഹം ആർഡിഒ യുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്. പരിശോധനയ്ക്കിടെ പ്രിയംവദയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവന്റെ മാല കാണാനില്ലെന്ന വിവരം ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ഇരുകാതുകളിലും ഉണ്ടായിരുന്ന കമ്മലുകൾ മുക്കുപണ്ടമാണെന്ന് പോലീസ് കണ്ടെത്തി. മാല മോഷ്ടിക്കപ്പെട്ടതാണോ പ്രിയംവദ തന്നെ വീട്ടിൽ എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
കാണാതായ ദിവസം പ്രിയംവദ വിനോദിന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെ വച്ച് സാമ്പത്തിക ഇടപാടുകളുടെ പേരിൽ തർക്കം ഉണ്ടായിരുന്നു. ഇത് മർദനത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചു എന്നാണ് വിനോദ് പോലീസിന് നൽകിയ മൊഴി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് വിനോദിന്റെ സഹോദരൻ സന്തോഷിനെ അറസ്റ്റ് ചെയ്തത്.
വിനോദിന്റെ ഭാര്യമാതാവ് സരസ്വതി സമീപത്തെ ദേവാലയത്തിലെ പുരോഹിതനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. പുരോഹിതൻ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളറട പോലീസ് സ്ഥലത്ത് എത്തിയത്. വീട്ടിലുണ്ടായിരുന്ന വിനോദിനെയും സഹോദരൻ സന്തോഷിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. പോലീസ് എത്തുമ്പോൾ വിനോദും, സന്തോഷും വീടു കഴുകി വൃത്തിയാക്കുന്ന തിരക്കിലായിരുന്നു, ഇതാണ് സംശയം ബലപ്പെടുത്തിയത്.